സൈബര്‍ യുഗത്തിലെ ദുര്‍മന്ത്രവാദത്തിന്റെ ഇന്ത്യന്‍ വര്‍ത്തമാനങ്ങള്‍, കേരളത്തിന്റെയും!!!

തിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന മൂന്നാംലോക ശക്തിയാണ് ഇന്ത്യ. അതിന്റെ വര്‍ണ്ണ വൈജാത്യങ്ങളോളം ബ്രഹത്തായ ഒന്നും തന്നെ ലോകത്തൊരിടത്തും കാണാന്‍ സാധിക്കില്ല. നൂറ് കണക്കിന് ഭാഷാഭേദങ്ങളും ആയിരക്കണക്കിന് ഉപഭാഷകളും വിശാലമായ കാഴ്ചപ്പാടില്‍ അസംഖ്യം ആത്മാക്കളുടെ ഭൂതകാലവും വിഹരിക്കുന്ന ഇടം. അതിന്റെ തെക്കേ അറ്റത്ത് കിടക്കുന്ന കേരളത്തിനുമുണ്ട് സന്ധിയില്ലാത്ത സമരങ്ങളുടെയും, ലോകത്തിനു തന്നെ മാതൃകയാകുന്ന ജനാധിപത്യ സംസ്‌ക്കാരത്തിന്റെയും മേലങ്കികള്‍.

എന്നാല്‍ അതിനെല്ലാം അപ്പുറത്ത് ഹൈന്ദവ സംസ്‌ക്കാരത്തില്‍ നിര്‍വൃതി കൊള്ളുന്ന ജനത. . . സിന്ധു നദീതീരത്തെ നനവുകളില്‍ തളിര്‍ത്ത സാംസ്‌ക്കാരിക സഹിഷ്ണുതയും ജീവിതരീതിയും വികലാവിഷ്‌ക്കരണങ്ങളില്‍ മുങ്ങിപ്പോയി എന്നത് വര്‍ത്തമാന ഇന്ത്യയുടെ നേര്‍ചിത്രങ്ങളാണ്. തികഞ്ഞ ദ്രവീഡിയന്‍ ആചാരങ്ങളില്‍ പുലര്‍ന്നുവന്ന ആ സാംസ്‌ക്കാരിക ചിഹ്നങ്ങളിലെവിടെയോ ചില കള്ളനാണയങ്ങള്‍ കടന്നു കൂടി. അതിന് വികസനമോ അന്താരാഷ്ട്ര കാഴ്ചപ്പാടുകളോ വിലങ്ങുതടി ആയിട്ടില്ല എന്നതാണ് വേദനാജനകം.

1879ല്‍ വാല്‍ഹൗസ് എന്ന ഇംഗ്ലീഷുകാരന്‍ എഴുതിയ പ്രബന്ധത്തില്‍ ഏറ്റവും ശക്തിയുള്ള ഭൂത പിശാചുക്കള്‍ വസിക്കുന്ന സ്ഥലമായി മലബാറിനെ വിശേഷിപ്പിച്ചിട്ടുണ്ട്. കേരളത്തില്‍ ആറു സല്‍മന്ത്രവാദികളും ആറു ദുര്‍മന്ത്രവാദികളും ഉണ്ടായിരുന്നതായി മലബാര്‍ മാന്വലില്‍ വില്യം ലോഗനും രേഖപ്പെടുത്തിയിട്ടുണ്ട്.

കേരളത്തിന്റെ ആചാരാനുഷ്ഠാനങ്ങളുടെ കടുംനിറങ്ങളിലെല്ലാം ദുര്‍മന്ത്രവാദത്തിന്റെ നിഴലുകള്‍ ചാര്‍ത്തിക്കൊടുക്കുന്നതിനുതകുന്ന സംഭവ വികാസങ്ങളാണ് ഇന്നും നടന്നുകൊണ്ടിരിക്കുന്നത്. നന്ദന്‍കോട് കൂട്ടക്കൊലക്കേലിന്റെ ഞെട്ടല്‍ ആസ്ട്രല്‍ പ്രൊജക്ഷന്‍ എന്ന പുതിയ പേരുകള്‍കൊണ്ട് ട്രോള്‍ പേജുകളില്‍ ആഘോഷിക്കപ്പെട്ടു. ചര്‍ച്ചകളില്‍ മനശാസ്ത്ര വിദഗ്ധരടക്കം നിര്‍ദ്ദേശങ്ങള്‍ കൊണ്ട് പക്വത വരുത്താന്‍ ശ്രമിച്ചു. എന്നിട്ടും കമ്പകക്കാനത്തെത്തി നില്‍ക്കുന്ന മലയാളിയുടെ അവബോധം ഇത്തരത്തിലെത്താന്‍ കാരണമെന്താണ്? ഇതിന്റെ ആഴങ്ങല്‍ ചെന്നവസാനിക്കുന്നത് ഏത് യക്ഷിക്കോട്ടകളിലാണ്? ഇതെല്ലാം ചോദ്യങ്ങളാണ്.. ഒരാളെ കൊന്നുകഴിഞ്ഞാല്‍ അജ്ഞാതമായ ഏതോ ശക്തി പ്രാപ്തമാകുമെന്ന് സാക്ഷരകേരളത്തിലെ ഒരംഗം വിശ്വസിക്കുന്നതിനു പിന്നിലെ പ്രചോദനം എന്താണ്?

black magic1

ഇത്തരം കലുഷിതമായ കറുത്തിരുണ്ട ചോദ്യങ്ങള്‍ക്കിടയില്‍ പോലീസുകാര്‍ തന്നെ മൃഗബലികളില്‍ പങ്കെടുക്കുന്നതും ഔദ്യോഗിക വാഹനം പൂജിച്ച് കൊണ്ട് പോകുന്നതും ഏതെങ്കിലും തരത്തില്‍ നമ്മളുടെ മുഖം കറുപ്പിക്കാതിരിക്കില്ല.

അടുത്തിടെ രാജ്യത്തെയാകെ പിടിച്ചുകുലുക്കിയ കേസാണ് ബുരാരി സന്ത് നഗറിലെ ഒരു കുടുംബത്തിലെ 11 പേര്‍കൊല്ലപ്പെട്ട സംഭവം. സമ്പന്നമായ, അതിനേക്കാളുപരി വിദ്യാഭ്യാസമുള്ള കുടുംബത്തിന്റെ കൂട്ടക്കൊലയിലും മന്ത്രവാദത്തിന്റെ അലകളുണ്ടെന്ന് കേള്‍ക്കേണ്ടി വരുന്നത് ഗതികേട് എന്നല്ലാതെ എന്ത് പറയാന്‍…

കഴിഞ്ഞ ദിവസങ്ങളിലാണ് ബീഹാറിലെ ആശുപത്രിയില്‍ മരുന്നിനു പകരം മന്ത്രവാദത്തെ ആശ്രയിച്ച് ചികിത്സ നടത്തിയത്. അതും സര്‍ക്കാര്‍ ആശുപത്രിയില്‍. പാമ്പുകടിയേറ്റാല്‍ മന്ത്രവാദം നടത്തുന്ന സര്‍ക്കാര്‍ ആശുപത്രികളുള്ള നാടാണ് നമ്മുടെ രാജ്യം. !!!

ഇതെല്ലാം ഒടുവിലത്തെ, പുറം ലോകമറിഞ്ഞ ചില ഉദാഹരണങ്ങള്‍ മാത്രം. കേരള പൊലീസ് ഓപ്പറേഷന്‍ മന്ത്രയുമായി നെട്ടോട്ടമോടേണ്ട അവസ്ഥയാണ്. മനുഷ്യരെ മാത്രമല്ല, അതിനുമപ്പുറം എന്തിനേയോ പിടികൂടാന്‍ ഓടിനടക്കേണ്ട പുലിവാല് കേസുകള്‍. കേരളത്തിന്റെ വിപ്ലവ കാലത്തിന്റെ ഹാങ് ഓവറുകള്‍ മാത്രമല്ല, അതിന് മുന്‍പ് സഞ്ചരിച്ച ഒളിയമ്പുകള്‍ ഇന്നും ആവാഹനങ്ങള്‍ക്കായി പമ്മിനടക്കുകയാണ്.

മന്ത്രവാദവുമായി ബന്ധപ്പെട്ട് അടുത്തയിടെ കേരളത്തില്‍ കൊല്ലപ്പെട്ട ചില കേസുകള്‍ ഇവയാണ്, കട്ടപ്പനയിലെ ബിജു (1999), വടശ്ശേരിക്കര കലശക്കുടി ആതിര (2014) അരൂര്‍ നിരപ്പേല്‍ സി.എം ശകുന്തള (2014), കരുനാഗപ്പള്ളി ബീന (2009), കൊല്ലത്തെ ഹുസൈന്‍. ആയിരങ്ങളാണ് മന്ത്രവാദത്തിന്റെയും ജ്യോത്സ്യത്തിന്റെയും വിചിത്ര ആചാരങ്ങളുടെയും പേരില്‍ ദൈനംദിനം കബളിക്കപ്പെടുകയും ചതിക്കപ്പെടുകയും ചെയ്യുന്നത്.

ഇത് നമ്മള്‍ മാധ്യമങ്ങളിലൂടെ കണ്ട കാഴ്ചകള്‍. അതിനുമപ്പുറമാണ് നിശബ്ദമായ ചില ഇടപെടലുകള്‍. നമ്മുടെ വിരല്‍ത്തുമ്പില്‍ തന്നെ മന്ത്രവാദ പ്രശ്‌ന പരിഹാരങ്ങള്‍ യഥേഷ്ടം ലഭ്യമാണ്. ഗൂഗിളില്‍ ഒന്ന് തെരഞ്ഞ് നോക്കിയാല്‍ മതി. നിരവധി പ്രശ്‌നങ്ങള്‍ക്ക് മന്ത്രവാദ സൈറ്റുകള്‍. പട്ടിക നോക്കിയാല്‍ പ്രണയത്തിനും പ്രണയ പ്രശ്‌നങ്ങള്‍ക്കുമാണ് ഏറ്റവുമധികം എക്‌സ്‌പേര്‍ട്ടുകള്‍ ഉള്ളത്. ചെറുപ്പക്കാരുടെ കണ്ണുകള്‍ പെട്ടെന്ന് ഉടക്കാവുന്ന വാചകങ്ങള്‍. അതിനടിയില്‍ ചലര്‍ അനുഭവങ്ങള്‍ വിവരിക്കുന്നത് കാണാം. വിദേശ രാജ്യങ്ങളില്‍ നിന്നു പോലും ആളുകളുണ്ട്. എന്തൊരു അപഹാസ്യപരമാണത്.. മികച്ച പത്ത് മന്ത്രവാദ ഗുരുക്കന്‍മാര്‍ എന്നൊക്കെ പറഞ്ഞ് നിഷ്പ്രയാസം ലഭ്യമാകുന്ന വിധത്തില്‍ വളരെപ്പെട്ടെന്ന് ഇവരുടെ ഉപദേശങ്ങള്‍. എത്ര ഭീകരമാണ് അന്തരീക്ഷം എന്ന് മനസ്സിലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

black magic

ഭയമാണ് അടിസ്ഥാനം. എല്ലാത്തിനും ഭയമാണ്.. ഒരു പ്രതിസന്ധിയെ നേരിടാന്‍ ഒരു തരത്തിലും ആധുനിക മനുഷ്യന്‍ സജ്ജനല്ല. അതിന് കരുത്തില്ലാത്ത ഭാവി തലമുറയാണ് വളര്‍ന്നു വരുന്നതും. ആ ഭയത്തിനെ മുതലെടുക്കുകയാണ് കേരളത്തിനകത്തും പുറത്തും നല്ലൊരു വിഭാഗം. നമ്മുടെ സൈബര്‍ സംവിധാനത്തിന് ഒന്നു സെര്‍ച്ച് ചെയ്ത് നോക്കിയാല്‍ ബോധ്യമാകുന്ന നിസ്സാരമായ പ്രശ്‌നത്തിനു നേരെ ഇനിയും നിസ്സംഗത കാണിക്കുന്നത് കുറ്റകരമാണ്.

മഹാരാഷ്ട്രയിലെ നിയമസഭയില്‍ അന്ധവിശ്വാസ നിര്‍മാര്‍ജന ബില്‍ പാസ്സാക്കി. കോണ്‍ഗ്രസാണ് ബില്‍ പാസാക്കിയത്. 15 വര്‍ഷമായി പരിഗണനയിലിരുന്ന ബില്ലായിരുന്നു ഇത്. ബില്ലിനുവേണ്ടി പോരാടിയ നരേന്ദ്ര ദാബോല്‍ക്കറുടെ കൊലപാതകത്തെ തുടര്‍ന്ന് ബില്‍ പാസ്സാക്കനായി ശക്തമായ സമ്മര്‍ദം ഉയര്‍ന്നിരുന്നു. പ്രേത ബാധയുടെ പേരില്‍ മര്‍ദിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും ഈ നിയമ പ്രകാരം കുറ്റകരമാണ്. മനുഷ്യക്കുരുതി ഇല്ലാതാക്കാന്‍ ഉദ്ദേശിച്ചുള്ള നിയമനിര്‍മാണമാണിതെന്ന് മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ പറഞ്ഞത് ഇന്ത്യയുടെ മറ്റൊരു നവോഥാനത്തിന്റെ തുടക്കം കൂടിയാണ്. ഈ ബില്‍ ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയേറെയാണെന്നാണ് ദവേന്ദ്ര ഫട്‌നവിസ് അന്ന് ആശങ്ക പ്രകടിപ്പിച്ചത്. ഏത് തരം പ്രത്യശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലായാലും അതിന്റെ ലക്ഷ്യം വോട്ട്ബാങ്കാണെങ്കില്‍ അതിനേക്കാള്‍ വലിയ ദുരന്തമില്ല.

ബീഹാറിലും ഝാര്‍ഖണ്ഡിലും 1999 മുതല്‍ കൂടോത്രം തടയുന്നതിനുള്ള നിയമം നിലവിലുണ്ട്. 2005 മുതല്‍ ഛത്തീസ്ഗഡിലും സമാന നിയമമുണ്ട്. പ്രേതവേട്ടയുടെ പേരില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന കയ്യേറ്റം തടയാന്‍ 2012 മുതല്‍ രാജസ്ഥാന്‍ നിയമം പാസാക്കിയിട്ടുണ്ട്. കര്‍ണാടകത്തില്‍ ഉണ്ടായ ബില്ലിന്റെ മാതൃകയില്‍ അന്ധവിശ്വാസ ദുരാചാര നിര്‍മാര്‍ജന ബില്‍ 2014ല്‍ തയ്യാറാക്കി സര്‍ക്കാരിനും ജനപ്രതിനിധികള്‍ക്കും സമര്‍പ്പിച്ചു.

ഇനി കേരളത്തിലേയ്ക്ക് വന്നാല്‍ . .

അന്ധവിശ്വാസ നിര്‍മാര്‍ജനം ലക്ഷ്യമിട്ട് നിയമനിര്‍മാണത്തിന് ശ്രമിക്കുമെന്ന് മുന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പലതവണ പ്രസ്താവന ഇറക്കിയിരുന്നുവെങ്കിലും അത് എവിടെയും എത്തിയില്ല. പൊതുജനാരോഗ്യത്തിനും വിധേയമല്ലാത്ത ഒരു വിശ്വാസവും പുലര്‍ത്താന്‍ ഭരണഘടന ആരെയും അനുവദിക്കുന്നില്ല. ആര്‍ട്ടിക്കിള്‍ 51 a (h) പ്രകാരം ശാസ്ത്ര മനോഭാവവും അന്വേഷണത്വരയും പരിഷ്‌കരണവും വളര്‍ത്താനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. സൈബര്‍ യുഗത്തില്‍ ജീവിക്കുമ്പോഴും പ്രബുദ്ധ കേരളം ഇത്തരം അനാചാരങ്ങളുടെ വക്താക്കളാകുന്നത് എന്ത് തരം ജനാധിപത്യമൂല്യത്തിന്റെ പിന്‍ബലത്തിലാണെന്ന് മനസ്സിലാകുന്നില്ല.

ഇടതു പക്ഷ സര്‍ക്കാരും ഇതിനോട് വിമുഖത കാണിക്കുന്നത് ജനങ്ങള്‍ക്ക് നല്‍കുന്ന, പ്രസ്ഥാനത്തിന് നല്‍കുന്ന, പുതിയ തലമുറയ്ക്ക് നല്‍കുന്ന സന്ദേശമെന്താണ്??.. ശാസ്ത്രത്തെയും മാനവികതയെയും പ്രമാണമായി കാണുന്ന സര്‍ക്കാരാണ് ഭരിക്കുന്നത് എങ്കില്‍ ഈ നിയമം നടപ്പാക്കാന്‍ ഇതില്‍പരം അനുയോജ്യമായ സമയം വേറെയില്ല.

റിപ്പോര്‍ട്ട് : എ.ടി അശ്വതി

Top