എട്ട് വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവില്‍ ഉപഭോക്താവിനു നഷ്ടപരിഹാരം

മാരുതിയ്ക്ക് എതിരെ എട്ട് വര്‍ഷം നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ ബംഗളൂരു ഉപഭോക്താവിനു പുഞ്ചിരിയുടെ നിമിഷങ്ങള്‍.

2009 ഓഗസ്റ്റ് 22 നാണ് വിജേത് പുതിയ ‘പേള്‍ ബ്ലൂ’ നിറത്തിലുള്ള മാരുതി ആള്‍ട്ടോ എല്‍എക്‌സ്‌ വാങ്ങിയത്.

സുള്ള്യയിലെ മാണ്‍ഡോവി മോട്ടോര്‍സില്‍ നിന്നും പിതാവ് രാജേന്ദ്ര പ്രസാദിന്റെ പേരിലാണ് കാറിനെ വിജേത് സ്വന്തമാക്കിയത്.

എന്നാല്‍ തുടക്കം മുതല്‍ക്കെ കാറില്‍ പ്രശ്‌നങ്ങള്‍ കണ്ടുതുടങ്ങി. മണിക്കൂറില്‍ 70 കിലോമീറ്റര്‍ കൈവരിക്കുമ്പോള്‍ തന്നെ കാറില്‍ വല്ലാത്ത വൈബ്രേഷന്‍ കണ്ടെത്തി.

സംഭവത്തില്‍ സുള്ള്യയിലെ മണ്‍ഡോവി മോട്ടോര്‍സുമായി ബന്ധപ്പെട്ടപ്പോള്‍ ബംഗളൂരുവിലെ മണ്‍ഡോവി സര്‍വീസ് സെന്ററില്‍ കാര്‍ പരിശോധിപ്പിക്കാന്‍ വിജേതിന് നിര്‍ദ്ദേശം ലഭിച്ചു.

കാറില്‍ പ്രശ്‌നമുള്ളതായി സ്ഥിരീകരിച്ച സര്‍വീസ് സെന്റര്‍ ജീവനക്കാരന്‍ എഞ്ചിന്‍ ടൈമിങ്ങിലും, സ്പാര്‍ക്ക് പ്ലഗിലും മാറ്റങ്ങള്‍ വരുത്തി പ്രശ്‌നം പരിഹരിച്ചു.

തുടര്‍ന്നും കാറില്‍ വൈബ്രേഷന്‍ ശക്തമായതോടെ വീല്‍ അലൈന്‍മെന്റ്, വീല്‍ റൊട്ടേഷന്‍, വീല്‍ റീപ്ലേസ്‌മെന്റ് മുതലായ നടപടികളും കാറില്‍ മണ്‍ഡോവി സര്‍വീസ് സെന്റര്‍ സ്വീകരിച്ചു.

ഒടുവില്‍ വൈബ്രേഷന്‍ പ്രശ്‌നം ആള്‍ട്ടോ കാറുകളില്‍ സാധാരണയായി കണ്ടു വരുന്നതാണെന്ന നിലപാടുമായി സര്‍വീസ് സെന്റര്‍ അധികൃതര്‍ രംഗത്തെത്തി.

കാര്യങ്ങള്‍ നടപടിയാകില്ല എന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് വിജേത് മാരുതിയ്ക്കും ഡീലര്‍ഷിപ്പിനും എതിരെ 2010 ഒക്ടോബര്‍ 30നു ജില്ലാ ഉപഭോക്തൃ ഫോറത്തില്‍ പരാതി നല്‍കിയത്.

ബന്ധപ്പെട്ട ഉപഭോക്താവിന് 2.95 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ ഡീലര്‍ഷിപ്പിനോട് ഉപഭോക്തൃ ഫോറം ഉത്തരവ് നല്‍കി.

കൂടാതെ 10,000 രൂപ കോടതി ചെലവുകള്‍ക്കായി ഉപഭോക്താവിന് നല്‍കാന്‍ മാരുതിയ്ക്കും നിര്‍ദ്ദേശം ലഭിച്ചു.

എന്നാല്‍ ഉത്തരവിന് എതിരെ സംസ്ഥാന ഉപഭോക്തൃ കോടതിയില്‍ മാരുതിയും ഡീലര്‍ഷിപ്പും ഹര്‍ജി സമര്‍പ്പിച്ചു.

2011 നവംബര്‍ 2നു ജില്ലാ ഉപഭോക്തൃ കോടതിയുടെ ഉത്തരവ് ശരി വെച്ച് സംസ്ഥാന കോടതി മാരുതിയുടെ ഹര്‍ജി തള്ളി.

എട്ട് വര്‍ഷത്തിലേറെ നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ തകരാറുള്ള കാര്‍ വിറ്റതിന് ഉപഭോക്താവിന് 1.5 ലക്ഷം രൂപ നഷ്ടപരിഹാരവും 11,000 രൂപ കോടതി ചെലവുകള്‍ക്കായും നല്‍കാന്‍ ദേശീയ ഉപഭോക്തൃ കോടതി മാരുതിയോടും ഡീലര്‍ഷിപ്പിനോടും ഉത്തരവിട്ടു.

Top