currency ban-date extended

കൊച്ചി: 500ന്റെയും 1000ന്റെയും കറന്‍സി നോട്ടുകള്‍ പിന്‍വലിച്ചതിനൊപ്പം ബാങ്കില്‍നിന്നു പണം പിന്‍വലിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ ഇളവു പ്രഖ്യാപിച്ചു.

എടിഎമ്മില്‍നിന്നു പ്രതിദിനം പിന്‍വലിക്കാവുന്ന തുക 2000ല്‍നിന്ന് 2500 ആയി ഉയര്‍ത്തി.

4500 രൂപയുടെ പഴയ നോട്ടുകള്‍ ബാങ്കില്‍നിന്നു മാറ്റിയെടുക്കാം. ആഴ്ചയില്‍ പരമാവധി 24,000 രൂപ വരെ പിന്‍വലിക്കാം. നോട്ട് ക്ഷാമത്തെത്തുടര്‍ന്നു രാജ്യത്തു ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ട് പരിഗണിച്ചാണു കേന്ദ്ര തീരുമാനം.

ഇതു സംബന്ധിച്ച് കേന്ദ്ര ധനമന്ത്രിയും ആഭ്യന്തര മന്ത്രിയും വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിലാണു ഈ നിര്‍ണായക തീരുമാനങ്ങള്‍.

അസാധുവാക്കിയ 500, 1000 രൂപാ നോട്ടുകള്‍ ചില പ്രത്യേക സാമ്പത്തിക ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്നതിനായി നല്‍കിയ ഇളവ് നവംബര്‍ 24 വരെ തുടരാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു.

പെട്രോള്‍ പമ്പുകള്‍, സര്‍ക്കാര്‍ ആശുപത്രികള്‍, ടോള്‍ ബൂത്തുകള്‍, റെയില്‍വേ സ്റ്റേഷന്‍, വിമാനത്താവളം, ശ്മശാനം, സര്‍ക്കാര്‍ ഫാര്‍മസികള്‍ തുടങ്ങിയ ഇടങ്ങളിലാണ് പിന്‍വലിച്ച നോട്ടുകള്‍ ഉപയോഗിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നത്.

ഇതിന്റെ സമയപരിധി ഇന്നു രാത്രി 12 മണിക്ക് അവസാനിക്കാനിരിക്കെയാണ് ഇവ ഉപയോഗിക്കുന്നതിനുള്ള അനുമതി ഈ മാസം 24 വരെ നീട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.

Top