cronine statement about mishell death

കൊച്ചി: മിഷേലിന്റെ മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

രണ്ട് വര്‍ഷത്തോളമായി താന്‍ മിഷേലുമായി ഇഷ്ടത്തിലായിരുന്നുവെന്നും കേവലം വെറുമൊരു സൗഹൃദം മാത്രമല്ല, ശരിക്കും പ്രണയം തന്നെയായിരുന്നുവെന്നുമാണ് ക്രോണിന്‍ പൊലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നത്.

സംഭവ ദിവസം വൈകുന്നേരത്തോടു കൂടി തന്നെ ക്രോണിന്റെ സമ്മര്‍ദ്ദം സഹിക്കവയ്യാതെ മാനസിക നില തെറ്റിയ അവസ്ഥയിലായിരുന്നു മിഷേലത്രെ.

ഇതിനു പ്രധാന കാരണം ക്രോണിന്‍ ജോലി ആവശ്യാര്‍ത്ഥം ഛത്തീസ്ഗഡിലേക്ക് പോയ സമയത്ത് കോട്ടയത്ത് മെഡിക്കല്‍ എന്‍ട്രന്‍സിന് മിഷേല്‍ പോയി തുടങ്ങിയിരുന്നു. ഇവിടെ വച്ച് ഒരു യുവാവുമായി അവള്‍ പ്രണയത്തിലായിരുന്നുവെന്നാണ് ക്രോണിന്‍ പൊലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നത്.

ഇതു സംബന്ധമായി മിഷേലുമായി നിരവധി തവണ ക്രോണിന് വഴക്കിടേണ്ടി വന്നു. രാത്രി രണ്ടു മണിക്ക് പോലും മിഷേല്‍ വാട്‌സ് ആപ്പില്‍ ലൈവായത് കണ്ട ക്രോണിന് അത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നുവത്രെ.

പുതിയ സൗഹൃദം കിട്ടിയതോടെ തന്നോടുള്ള അടുപ്പം മിഷേലിന് കുറഞ്ഞെന്ന തോന്നലും ക്രോണിനുണ്ടായി. തുടര്‍ന്ന് മിഷേലിന്റെ പുതിയ സുഹൃത്തിനെ തേടിപ്പിടിച്ച് ക്രോണിന്‍ അവന്റെ മൊബൈലിലും വിളിച്ചു. തന്റെ കയ്യില്‍ മിഷേലിന്റെ ഫോട്ടോ ഉണ്ടെന്ന് യുവാവ് പറഞ്ഞതോടെ ക്രോണിന്റെ സകല നിയന്ത്രണങ്ങളും വിടുകയായിരുന്നു. മിഷേല്‍ കൊടുക്കാതെ ഫോട്ടോ അവന് കിട്ടില്ലന്നും താന്‍ വഞ്ചിക്കപ്പെടുകയാണെന്ന തോന്നലും ക്രോണിനുണ്ടായി.

തുടര്‍ന്ന് രൂക്ഷമായ തര്‍ക്കങ്ങളാണ് ഇതിന്റെ പേരില്‍ ഇരുവരും തമ്മിലുണ്ടായത്.

ഇതിനു ശേഷം വൈകീട്ട് 4.30 ഓടെ മൊബൈല്‍ മിഷേല്‍ ഓഫാക്കുകയായിരുന്നു. മൊബൈല്‍ ഓഫാക്കുന്നതിനു മുന്‍പ് ഹോസ്റ്റലില്‍ നിന്നും വീട്ടിലേക്ക് വന്നോട്ടെ എന്ന് മിഷേല്‍ അമ്മയോട് വിളിച്ച് ചോദിച്ചെങ്കിലും ഹോസ്റ്റലില്‍ തന്നെ നിന്ന് പഠിക്കാനാണ് അമ്മ മറുപടി പറഞ്ഞത്. ഇക്കാര്യം പിതാവ് തന്നെ പൊലീസുദ്യോഗസ്ഥരോട് വ്യക്തമാക്കിയിട്ടുണ്ട്.

ക്രോണുമായുണ്ടായ തര്‍ക്കത്തില്‍ മാനസികമായി ആകെ തകരുകയും എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയും ആത്മഹത്യ ചെയ്യാന്‍ പെണ്‍കുട്ടിയെ പ്രേരിപ്പിച്ചതാകാമെന്നാണ് ലോക്കല്‍ പൊലീസിന്റെ നിഗമനം.

സംഭവദിവസം 57 എസ് എം എസുകള്‍ക്ക് പുറമെ 6 കോളുകളും ക്രോണിന്റെ മൊബൈലില്‍ നിന്നും മിഷേലിന് പോയതായി നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു.

അതേസമയം എല്ലാവരുമായി നല്ല സൗഹൃദം സൂക്ഷിക്കുന്ന മിഷേലിനെ സംശയദൃഷ്ടിയോടുകൂടിയാണ് ക്രോണിന്‍ കണ്ടിരുന്നതെന്നും ഇതേചൊല്ലി നിരന്തരം വഴക്കുണ്ടായിരുന്നുവെന്നും മിഷേലിന്റെ എറണാകുളത്തുള്ള കൂട്ടുകാരിയും പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

Top