കുട്ടി ക്രിമിനലുകളുടെ താവളം മുംബൈ ! ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോർട്ട് പുറത്ത്

crime_investigation

മഹാരാഷ്ട്ര: മഹാരാഷ്ട്രയില്‍ കുട്ടി ക്രിമിനലുകള്‍ വര്‍ധിക്കുന്നുവെന്ന് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്‌
റിപ്പോര്‍ട്ട്. 2015 കാലഘട്ടത്തെ അപേക്ഷിച്ച് 2016-ല്‍ 13.8 ശതമാനം വര്‍ധനവാണ് ഉണ്ടായതെന്ന് ജനുവരിയില്‍ പുറത്തിറക്കിയ സി.ഐ.ഡിയുടെ ക്രൈം റിപ്പോര്‍ട്ടില്‍ പറയുന്നു. പതിനെട്ട് വയസില്‍ താഴെയുള്ളവരെയാണ് ജുവനൈല്‍ വിഭാഗത്തിലേക്ക് ഉള്‍പ്പെടുത്തുന്നത്.

കുട്ടികുറ്റകൃത്യങ്ങളില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് മുംബൈയാണ്. 2016-ല്‍ മഹാരാഷ്ട്രയില്‍ 6,239 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇത് 2015-നെ അപേക്ഷിച്ച് 13.8 ശതമാനം അധികമാണെന്നാണ് വിലയിരുത്തല്‍. 2015-ല്‍ ഇത് 5482 ആയിരുന്നു. 2016 -ലെ കണക്കുകള്‍ പ്രകാരം മുംബൈയില്‍ 901 കേസുകളും, സതാരയില്‍ 811 കേസുകളും, പൂനെ 727, നാഗ്പൂര്‍ 364, താനെ 344 എന്നിങ്ങനെ പോകുന്നു.

അടുത്ത കാലത്തുണ്ടായ അക്രമസംഭവങ്ങളുടൈ കണക്കെടുപ്പിലും മുന്നില്‍ നില്‍ക്കുന്നത് കുട്ടി കുറ്റവാളികള്‍ തന്നെയാണ്. കഴിഞ്ഞ മഹാരാഷ്ട്ര ബന്ദിന് നടന്ന കലാപത്തില്‍ 16 ജുവനൈല്‍ കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ബന്ദ് സമയത്ത് പൊലീസിനു നേരെ നടന്ന കല്ലേറിലായിരുന്നു ഇവരെ കസ്റ്റഡിയില്‍ എടുത്തത്. അതേസമയം, ഇതിലെ ഒരാള്‍ ശിവസേന നേതാവ് അശോക് സാവന്തിന്റെ കൊലപാതകത്തില്‍ പ്രതിയായിരുന്നെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇത്തരം കേസുകളില്‍ പൊതുവെ നിയമപരമായ നടപടികള്‍ സ്വീകരിക്കാറുണ്ടെങ്കിലും അവരെ കൗണ്‍സിലിങ്ങിനും, പുനരധിവാസത്തിനും വിധേയരാക്കുകയാണ് പതിവ്. കുട്ടികുറ്റവാളികളുടെ കുറ്റകൃത്യങ്ങളുടെ റിപ്പോര്‍ട്ടില്‍, പ്രധാനമായും, ക്രിമിനല്‍ കേസുകള്‍, കവര്‍ച്ച, കൊല, കൊള്ള, ബലാത്സംഗം മറ്റ് ഗുരുതരമായ കുറ്റകൃത്യങ്ങള്‍ കണ്ടു വരുന്നു. പലപ്പോഴും ഇവര്‍ക്കെതിരെ കൂടുതല്‍ ശിക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ നമ്മുടെ നിയമം അനുവദിക്കുന്നില്ല. പലപ്പോഴും നിരോധന നിയമം, ചൂതാട്ട നിയമം, എന്‍.ഡി.പി.എസ് നിയമം, ആയുധ നിയമം, ചില് പ്രാദേശിക നിയമങ്ങള്‍ എന്നിവയുടെ കീഴിലാണ് ഇവരുടെ കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടുത്തുന്നത്.

അതേ സമയം കുറ്റകൃത്യത്തിന്റെ ക്രൂരത അനുസരിച്ച് 15 താഴെയുള്ളവരുടെ ശിക്ഷാ രീതിയില്‍ മാറ്റം വരുത്താന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും സൂചനയുണ്ട്. ഇതിനുവേണ്ടി നിയമ, ജുഡീഷ്യറി, പൊതു ആരോഗ്യം തുടങ്ങിയ വകുപ്പുകളില്‍ നിന്നുള്ള അഭിപ്രായങ്ങള്‍ ചോദിച്ചതിനു ശേഷം ഇക്കര്യത്തിന്‍ തീരുമാനമെടുക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. അതേസമയം, കേന്ദ്ര സര്‍ക്കാരില്‍ നിന്നുള്ള അനുമതി കൂടി ഇതിന് ആവശ്യമാണ്. എന്നാല്‍ നേരത്തെ, 16 വയസിനും 18നും ഇടയിലുള്ള കൗമാരക്കാരുടെ കാര്യത്തില്‍ കേന്ദ്രത്തിന്റെ അനുമതിയോടെ ജുവനൈല്‍ കേസുകളിലെ നിയമങ്ങലില്‍ ഭേദഗതി വരുത്തിയിട്ടുണ്ട്. 2015 ഡിസംബറിലായിരുന്നു പുതിയ നിയമം പാസാക്കിയത്.

16നും-18 നും ഇടയിലുള്ള കുട്ടികളെ വിചാരണ ചെയ്യാന്‍ വിസമ്മതിച്ചവര്‍ 2012-ലെ ഡല്‍ഹി പീഡനക്കേസിലെ ജുവനൈലിനെതിരെ വിചാരണ നടത്തണമെന്ന് വാദിച്ചിരുന്നു. കേസിലെ പ്രധാനപ്രതിയുടെ പ്രായം 17 വയസായിരുന്നു. അവനായിരുന്നു സംഭവത്തില്‍ ഏറ്റവും കൂടുതല്‍ ക്രൂരത കാണിച്ചിരുന്നത്. തുടര്‍ന്നാണ് ജുവനൈല്‍ കേസുകളില്‍ ചില നിയമ ഭേദഗതി വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

കേസിലെ മറ്റു പ്രതികള്‍ക്ക് വധശിക്ഷ ലഭിച്ചെങ്കിലും , പതിനേഴുകാരനായ പ്രധാന പ്രതിക്ക് അന്ന് മൂന്നു വര്‍ഷത്തെ തടവു ശിക്ഷ മാത്രമാണ് ലഭിച്ചത്. പിന്നീട് പ്രതിയെ വെറുതെ വിടുകയായിരുന്നു. ഇതില്‍ ഒരാള്‍ ജയിലില്‍ നിന്നു തന്നെ ജീവനൊടുക്കുകയായിരുന്നു.

പണമാണ് കുട്ടികളെ കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്നതെന്ന് നിയമജ്ഞനും, മുന്‍ ഐ.പി.എസ് ഓഫീസറുമായ വൈ.പി സിംഗ് പറയുന്നു. അതേ സമയം, അവരുടെ പ്രായമല്ല, മറിച്ച് തനിക്ക് അത് സ്വന്തമാക്കാണമെന്നുള്ള വാശിയാണ് പലപ്പോഴും ഇത്തരം കാര്യങ്ങളിലേക്ക് നയിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇപ്പോള്‍ പക്വതയല്ല, നിയന്ത്രണമാണ് ആവശ്യം. ഇപ്പോള്‍ കുട്ടികളുടെ കുറ്റകൃത്യങ്ങള്‍ നിയന്ത്രിച്ചില്ലെങ്കില്‍ അത് നിയന്ത്രണാതീതമാകുമെന്നും, കൃത്യമായ അന്വേഷണവും, ശിക്ഷയും നടപ്പിലാക്കിയാല്‍ മാത്രമേ ഇതിന് ശ്വാശ്വത പരിഹാരം കിട്ടുകയുള്ളുവെന്ന് അദ്ദേഹം വ്യക്തമാക്കി.

റിപ്പോര്‍ട്ട് : സുമി പ്രവീണ്‍

Top