cpm will take action against m m mani

mani

തിരുവനന്തപുരം: ഒടുവില്‍ സിപിഎമ്മും മണിയെ കൈവിടുന്നു. പൊമ്പിളൈ ഒരുമൈക്കെതിരായ വിവാദ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ മന്ത്രി എം എം മണിക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ആവശ്യമുയര്‍ന്നു. മണിയുടെ തുടര്‍ച്ചയായ വിവാദ പരാമര്‍ശങ്ങള്‍ പാര്‍ട്ടിയുടേയും സര്‍ക്കാരിന്റെയും പ്രതിച്ഛായ നഷ്ടമാക്കിയെന്നും സെക്രട്ടറിയേറ്റില്‍ അംഗങ്ങള്‍ തുറന്നടിച്ചു.

അടുത്ത പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയില്‍ നടപടി സംബന്ധിച്ച തീരുമാനമുണ്ടാകും.

പാര്‍ട്ടിയെയും സര്‍ക്കാറിനെയും തുടര്‍ച്ചയായി കുഴപ്പത്തില്‍ ചാടിക്കുന്ന മണിയെ ഇങ്ങനെ വിട്ടാല്‍ ശരിയാകില്ലെന്ന നിലപാടാണ് ഭൂരിപക്ഷം സിപിഎം നേതാക്കള്‍ക്കുമുള്ളത്.

മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം വരെ മുതിര്‍ന്ന ഒരു നേതാവ് പ്രകടിപ്പിച്ചതായാണ് സൂചന.

സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ ശക്തമായ ഇടപെടലിന്റെ ഭാഗമായിട്ടു കൂടിയാണ് വിഷയം ഇന്ന് സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്തത്.

മൂന്നാറിലെ പൊമ്പിളൈ ഒരുമൈ കൂട്ടായ്മയുടെ സമരത്തിനെതിരായ മന്ത്രി എം എം മണിയുടെ പ്രസ്താവനയാണ് വിവാദമായത്. മൂന്നാര്‍ ഒഴിപ്പിക്കലിനെത്തിയ സുരേഷ്‌കുമാര്‍ അവിടെ ഗസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം മദ്യപാനമായിരുന്നു പരിപാടി. അക്കാലത്ത് കുടിയും സകല വൃത്തിക്കേടും നടന്നിട്ടുണ്ട്. പൊമ്പിളൈ ഒരുമൈയുടെ സമരകാലത്തും ഇതൊക്കെ തന്നെയാണ് നടന്നതെന്നും സമരസമയത്ത് അവിടെ കാട്ടിലായിരുന്നു പരിപാടിയെന്നുമായിരുന്നു മന്ത്രിയുടെ വാക്കുകള്‍.

Top