കോണ്‍ഗ്രസ് സഖ്യം വേണ്ടെന്ന നിലപാടിലുറച്ച് സിപിഎം കേരള ഘടകം

cpm

തിരുവനന്തപുരം: കോണ്‍ഗ്രസുമായി തിരഞ്ഞെടുപ്പ് സഖ്യം വേണ്ടെന്ന കരട് രാഷ്ട്രീയപ്രമേയത്തിലെ വാദഗതികളെ പിന്തുണച്ച് സി.പി.എം. സംസ്ഥാനസമിതി. ഏപ്രില്‍ 18-ന് ഹൈദരാബാദില്‍ ആരംഭിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട കരട് രാഷ്ട്രീയപ്രമേയത്തിന് കഴിഞ്ഞമാസം കേന്ദ്രകമ്മിറ്റി രൂപംനല്‍കിയിരുന്നു.

കരട് രാഷ്ട്രീയപ്രമേയം സംബന്ധിച്ച് കേന്ദ്രക്കമ്മിറ്റിയില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ബംഗാള്‍ ഘടകവും ഒരുഭാഗത്തും മുന്‍ ജനറല്‍സെക്രട്ടറി പ്രകാശ് കാരാട്ടും കേരളഘടകവും മറുഭാഗത്തുമായി ഒരു തര്‍ക്കം നിലനിന്നിരുന്നു. എന്നാല്‍ ഒടുവില്‍ കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്ന നിലപാട് കരട് രാഷ്ട്രീയപ്രമേയത്തില്‍ ഉള്‍പ്പെടുത്തുന്നതില്‍ കാരാട്ട് പക്ഷം വിജയിച്ചു.

ത്രിപുരയില്‍ സി.പി.എമ്മിനുണ്ടായ തിരിച്ചടിക്കുശേഷം കരട് പ്രമേയം സംബന്ധിച്ച് ഒരു പുനര്‍വിചിന്തനത്തിന് സി.പി.എം. തയ്യാറാകുമെന്ന ധാരണ പരന്നിരുന്നു. എന്നാല്‍ കരട് പ്രമേയം സംബന്ധിച്ച് ഞായറാഴ്ച നടന്ന ചര്‍ച്ചയില്‍ കോണ്‍ഗ്രസുമായി കൂട്ടുകെട്ടു വേണമെന്ന അഭിപ്രായം ആരും പ്രകടിപ്പിച്ചില്ലെന്നാണ് സൂചന. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ ഇതുവരെയുള്ള ഒരുക്കങ്ങള്‍ സംബന്ധിച്ചും സംസ്ഥാനസമിതിയില്‍
വിലയിരുത്തലുണ്ടായി.

Top