വയല്‍ക്കിളികളുടെ കൂടെയും വെല്ലുവിളി . . സി.പി.ഐക്ക് എതിരെ ഇടതില്‍ പടയൊരുക്കം

CPM protest against CPI

തിരുവനന്തപുരം: കെ.എം മാണിയുടെ കേരള കോണ്‍ഗ്രസ്സിനെ ഇടതു മുന്നണിയിലെടുക്കേണ്ടതില്ലന്ന സി.പി.ഐ നിലപാടിനെതിരെ സി.പി.എം കേരള ഘടകത്തില്‍ പ്രതിഷേധം.

ഭരണം തുടങ്ങിയ നാള്‍ മുതല്‍ ഇപ്പോള്‍ കണ്ണൂരിലെ ‘വയല്‍ക്കിളി’ സമരം വരെ സര്‍ക്കാറിനെ പ്രതിരോധത്തിലാക്കുന്ന നിലപാട് സ്വീകരിക്കുന്ന സി.പി.ഐ മുന്നണി വിട്ട് പോകുന്നതാണ് നല്ലതെന്ന നിലപാടിലാണ് മുതിര്‍ന്ന നേതാക്കള്‍.

ജനസ്വാധീനത്തില്‍ കേരള കോണ്‍ഗ്രസ്സിന് ബഹു ദൂരം പിന്നിലായ സി.പി.ഐക്ക് ഇടത് മുന്നണിയിലെ രണ്ടാം സ്ഥാനം നഷ്ടമാകുമെന്ന ഭീതിയാണ് ഇപ്പോഴത്തെ നിലപാടുകള്‍ക്ക് കാരണമെന്നാണ് സി.പി.എം നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്.

സര്‍ക്കാറിനെ വിലയിരുത്തുന്ന ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ് മാത്രമല്ല വരുന്ന ലോക് സഭ തിരഞ്ഞെടുപ്പിലും കേരള കോണ്‍ഗ്രസ്സ് ബന്ധം ഇടതുപക്ഷത്തിന് ഗുണം ചെയ്യുമെന്ന നിലപാടിലാണ് പാര്‍ട്ടി നേതൃത്വം.

സി.പി.എം-സി.പി.ഐ കേന്ദ്ര നേതൃത്വങ്ങള്‍ ചര്‍ച്ച നടത്തിയിട്ടും സി.പി.ഐ വഴങ്ങാത്ത സാഹചര്യം ഉണ്ടായാല്‍ സി.പി.ഐയെ മുഖവിലക്കെടുക്കാതെ മുന്നാട്ട് പോകണമെന്ന നിലപാടിനാണ് സി.പി.എം കേരള ഘടകത്തില്‍ ഇപ്പോള്‍ ഭൂരിപക്ഷത്തിന്റെ പിന്തുണ.

ബംഗാളില്‍ ഫോര്‍വേഡ് ബ്ലോക്ക് ഇടതു ഘടകകക്ഷിയാണെങ്കിലും കേരളത്തില്‍ അവര്‍ ഇടതുപക്ഷ മുന്നണിയിലില്ല എന്നതിനാല്‍ സി.പി.ഐ സംസ്ഥാനത്തെ മുന്നണിയില്‍ നിന്ന് പോയാലും ദേശീയ തലത്തില്‍ സഹകരിക്കുന്നതിന് തടസ്സമല്ലന്നും നേതൃത്വം ചൂണ്ടിക്കാട്ടുന്നു.

ജനകീയ അടിത്തറയില്ലാത്ത സി.പി.ഐയെ യു.ഡി.എഫ് കൂടെ കൂട്ടി വലിയ പരിഗണന നല്‍കാന്‍ സധ്യതയില്ലന്ന വിലയിരുത്തലും പാര്‍ട്ടി നേതൃത്വത്തിനുണ്ട്.

അതേ സമയം സി.പി.ഐക്ക് ഇടതു മുന്നണി വിടേണ്ട സാഹചര്യം ഉണ്ടായാല്‍ ഒരു വിഭാഗം പിളര്‍ന്ന് കെ.ഇ ഇസ്മയിലിന്റെ നേതൃത്വത്തില്‍ ഇടതു മുന്നണിയോടൊപ്പം നില്‍ക്കുമെന്ന അഭ്യൂഹവും ഇപ്പോള്‍ ശക്തമാണ്.

കേരള കോണ്‍ഗ്രസ്സില്‍ നിന്നും പി.ജെ.ജോസഫ് വിഭാഗം യു.ഡി.എഫില്‍ ചേക്കേറിയാലും മാണി വിഭാഗത്തിനാണ് കരുത്ത് കൂടുതല്‍ എന്നതിനാല്‍ സി.പി.എമ്മിനെ സംബന്ധിച്ച് ഇക്കാര്യത്തിലും ആശങ്കയില്ല.

മാണി വിഭാഗം ഇടതില്‍ എത്തിയാല്‍ പിണറായി സര്‍ക്കാറിന്റെ ഭരണ തുടര്‍ച്ചക്കും അത് കളമൊരുക്കുമെന്ന ആത്മ വിശ്വാസമുണ്ട് സി.പി.എമ്മിന്.

സി പി.ഐയുടെ പ്രതിപക്ഷ ‘കളി’യില്‍ കടുത്ത എതിര്‍പ്പുള്ളതിനാല്‍ നല്ലൊരു വിഭാഗം സി.പി.എം അണികളും കടുത്ത മാണി വിരോധം വിട്ട് ഇപ്പോള്‍ അനുകൂല നിലപാടിലാണ്.

Top