പാര്‍ട്ടിയെ ചെറുപ്പമാക്കാന്‍ പുതിയ നീക്കം; കാമ്പസ് റിക്രൂട്ട്‌മെന്റിനൊരുങ്ങി സി.പി.എം

കൊച്ചി: യുവാക്കളെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരുന്നതിന് കാമ്പസ് റിക്രൂട്ട്മെന്റിനൊരുങ്ങി സി.പി.എം. പാര്‍ട്ടിയിലേക്ക് ചെറുപ്പക്കാരുടെ എണ്ണം കുറയുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഈ പുതിയ നീക്കം.

കാമ്പസുകളില്‍ എസ്.എഫ്.ഐ.ക്ക് നല്ല പിന്‍ബലമുണ്ട്. പക്ഷേ, അതിന്റെ ഗുണം പൂര്‍ണമായി പാര്‍ട്ടിക്ക് ലഭിക്കുന്നില്ലെന്നാണ് പുതിയ കണ്ടെത്തല്‍. കാമ്പസുകളില്‍ പിന്തുണ നല്‍കുന്നവരെ തുടര്‍ന്ന് പാര്‍ട്ടിയിലേക്ക് എത്തിക്കുന്നതിനെക്കുറിച്ചാണ് പാര്‍ട്ടി ആലോചിക്കുന്നത്. പാര്‍ട്ടിക്ക് മുതല്‍ക്കൂട്ടാവുന്ന നിലവാരുമുള്ള ‘കാഡര്‍മാര്‍’ കാമ്പസുകളിലുണ്ട്. അവരെ പാര്‍ട്ടിയിലേക്ക് എത്തിക്കുന്നതിന് സംവിധാനമില്ല. പാര്‍ട്ടി നേതൃത്വം തന്നെ ‘കാമ്പസ് രാഷ്ട്രീയ’മായി ഇതിനെ വിലകുറച്ചു കാണുകയാണ്. ഇവരെ പാര്‍ട്ടിയിലേക്ക് എത്തിച്ചാല്‍ വലിയ മുന്നേറ്റം ഉണ്ടാവുമെന്നാണ് വിലയിരുത്തല്‍.

കാമ്പസ് രാഷ്ട്രീയത്തില്‍ സജീവമായിരുന്നാലും പഠനശേഷം 90 ശതമാനം പേരും പിന്നീട് രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങാതെ രംഗംവിടുകയാണ് പതിവ്. കാമ്പസുകളില്‍ എസ്.എഫ്.െഎ.യുമായി ബന്ധപ്പെടുന്നവരെ തിരിച്ചറിഞ്ഞ് അവരവരുടെ സ്ഥലങ്ങളിലെ പാര്‍ട്ടി ഘടകങ്ങളിലേക്ക് വഴിതിരിച്ചുവിടുന്നതിനാണ് പുതിയ പദ്ധതിയുമായി സി.പി.എംന്റെ വരവ്.

Top