രാഷ്ട്രീയ പ്രമേയത്തില്‍ സമവായത്തിന് വഴിയെരുങ്ങുന്നു; വോട്ടെടുപ്പ് ഒഴിവാകും

yechuri

ഹൈദരാബാദ്: കരട് രാഷ്ട്രീയ പ്രമേയത്തില്‍ സിപിഎമ്മില്‍ സമവായത്തിനു സാധ്യത. വോട്ടെടുപ്പ് ഒഴിവാക്കാമെന്ന തീരുമാനത്തിലേക്ക് ഇരുപക്ഷവും എത്തിയതായാണു സൂചന. രാഷ്ട്രീയ പ്രമേയത്തിലെ നിലപാട് വിശദീകരിച്ച് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രസംഗിച്ചു.

ഇതിന്റെ ഭാഗമായി രാഷ്ട്രീയ പ്രമേയത്തില്‍ കോണ്‍ഗ്രസ്സ് ബന്ധം പരാമര്‍ശിക്കുന്ന ഭാഗങ്ങള്‍ ഒഴിവാക്കാന്‍ തീരുമാനിച്ചു. കോണ്‍ഗ്രസ്സുമായി ഒരു ബന്ധവും പാടില്ല എന്ന ഭാഗമാണ് ഒഴിവാക്കുന്നത്. ഈ തീരുമാനത്തിലേക്കെത്താന്‍ പ്രകാശ് കാരാട്ട് നിര്‍ബന്ധിക്കപ്പെടുകയായിരുന്നു. ഇത് യെച്ചൂരിയുടെ നിലപാടിന്റെ വിജയമായി. ഭേദഗതിയോടെ കോണ്‍ഗ്രസ്സുമായി നേരിട്ടു സിപിഎമ്മിനു ബന്ധമുണ്ടാകില്ലെന്ന് ഉറപ്പായെങ്കിലും ധാരണ വേണ്ട എന്ന ഭാഗം ഒഴിവാക്കിയതോടെ പ്രാദേശിക നീക്കുപോക്കുകള്‍ക്കു പാര്‍ട്ടിക്കു മുന്നില്‍ സാധ്യത നിലനില്‍ക്കുന്നുണ്ട്.

കരട് രാഷ്ട്രീയ പ്രമേയത്തില്‍ രഹസ്യബാലറ്റെന്ന പതിവില്ലെന്നു സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് മാധ്യമങ്ങളോടു പറഞ്ഞിരുന്നു. ഭേദഗതികളില്‍ വോട്ടെടുപ്പ് എങ്ങനെ വേണമെന്നതിനെ കുറിച്ച് പാര്‍ട്ടിയുടെ ഭരണഘടനയില്‍ പറയുന്നില്ല. നിലപാടു തള്ളപ്പെട്ടാലും സീതാറാം യച്ചൂരി ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയേണ്ടതില്ലെന്നും കാരാട്ട് വ്യക്തമാക്കി.

പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ അവതരിപ്പിച്ച കരട് രാഷ്ട്രീയ പ്രമേയത്തിന്‍മേല്‍ രഹസ്യ ബാലറ്റിലുള്ള വോട്ടെടുപ്പ് വേണമെന്നാണ് ജനറല്‍ സെക്രട്ടറി അനുകൂലികള്‍ ആവശ്യപ്പെട്ടിരുന്നത്. പശ്ചിമ ബംഗാള്‍ ഉള്‍പ്പടെ ഏഴ് സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ യെച്ചൂരിയുടെ ഭേദഗതിക്കൊപ്പമാണ്. ഇവര്‍ രഹസ്യ ബാലറ്റ് വേണമെന്ന് ആവശ്യമുന്നയിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് സ്റ്റിയറിംഗ് കമ്മിറ്റിയായ പോളിറ്റ് ബ്യൂറോയാണ്.

യെച്ചൂരിയുടെ കോണ്‍ഗ്രസ് സഹകരണം എന്ന ആവശ്യത്തെ കേരളഘടകം ശക്തമായി എതിര്‍ക്കുകയാണ്. ഇന്ന് പൊതു ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ച കേരളത്തില്‍ നിന്നുള്ള അംഗം കെ.കെ.രാഗേഷ് ജനറല്‍ സെക്രട്ടറിക്കെതിരേ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. കേന്ദ്ര കമ്മിറ്റി അംഗീകരിച്ച കരട് രാഷ്ട്രീയ പ്രമേയത്തിന്‍മേല്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ ഭേദഗതി ആവശ്യപ്പെട്ടത് തെറ്റായിപ്പോയെന്ന് രാഗേഷ് കുറ്റപ്പെടുത്തി.

Top