സിപിഎമ്മില്‍ ഭിന്നത രൂക്ഷം; കേന്ദ്രകമ്മിറ്റിയിലേക്ക് വോട്ടെടുപ്പ് നടക്കുമെന്ന് സൂചന

ഹൈദരാബാദ്: സിപിഎമ്മില്‍ ഭിന്നത രൂക്ഷമാകുന്നു. കേന്ദ്രകമ്മിറ്റിയിലേക്ക് വോട്ടെടുപ്പ് നടന്നേക്കുമെന്നാണ് സൂചന. വോട്ടെടുപ്പ് വേണമെന്ന് ബംഗാള്‍ ഘടകം ആവശ്യമുന്നയിച്ചു. കേന്ദ്രകമ്മിറ്റി അഴിച്ചുപണിയണമെന്നാണ് യെച്ചൂരി പക്ഷത്തിന്റെ നിലപാട്.

പിബിയിലും സിസിയിലും നിലവിലുള്ള പലരെയും ഒഴിവാക്കാന്‍ പാടില്ലെന്നാണ് കാരാട്ട് പക്ഷത്തിന്റെ നിലപാട്. എസ് രാമചന്ദ്രന്‍ പിള്ള, എ.കെ. പത്മനാഭന്‍, ജി. രാമകൃഷ്ണന്‍ തുടങ്ങിയവര്‍ പിബിയില്‍ തുടരട്ടെയെന്നാണു കാരാട്ട്പക്ഷം വാദിക്കുന്നത്. എന്നാല്‍ ഇവരെ ഒഴിവാക്കണമെന്ന് യെച്ചൂരി പക്ഷം ആവശ്യപ്പെട്ടു.

ജനറല്‍ സെക്രട്ടറിയുടെ കാര്യത്തിലും ഭിന്നത രൂക്ഷമായിരിക്കുകയാണ്. കേന്ദ്രകമ്മിറ്റിയില്‍ ഏകകണ്ഠമായി പേരുവന്നാല്‍ യെച്ചൂരിക്ക് തുടരാമെന്ന് കാരാട്ട് പക്ഷം പറയുന്നു. അല്ലെങ്കില്‍ മറ്റ് പേരുകള്‍ പരിഗണിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

Top