സിപിഎമ്മിന്റെ കര്‍ശന നിര്‍ദേശം; എസ്എഫ്‌ഐ പ്രവര്‍ത്തകരെ കൂട്ടത്തോടെ പിരിച്ചുവിടാനൊരുങ്ങുന്നു

കൊല്ലം: എസ്എഫ്‌ഐ പ്രവര്‍ത്തകരെ കൂട്ടത്തോടെ പിരിച്ചുവിടാനൊരുങ്ങുന്നു. 25 വയസ്സായവരെ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കണമെന്നു സിപിഎം നേതൃത്വം സംഘടനയ്ക്കു കര്‍ശന നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് പുതിയ തീരുമാനം. ഇതോടെ സംസ്ഥാന കമ്മിറ്റിയില്‍ നിന്നു ഭൂരിഭാഗം പേരും ഒഴിവാകേണ്ടി വരും.

എസ്എഫ്‌ഐ സംസ്ഥാന സമ്മേളനത്തിന് ഇന്നലെ കൊല്ലത്തു തുടക്കമാകുന്നതിനു മുന്നോടിയായാണു പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ പ്രായപരിധി സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. നിലവില്‍ 89 അംഗ സംസ്ഥാന കമ്മിറ്റിയാണ് എസ്എഫ്‌ഐയ്ക്കുള്ളത്. ഇതിനു പുറമെ 19 അംഗ സെക്രട്ടേറിയറ്റ് രൂപീകരിച്ചെങ്കിലും സജീവമല്ലാത്തവരെ ഒഴിവാക്കിയപ്പോള്‍ നിലവില്‍ 14 പേരുണ്ട്.

പാര്‍ട്ടി നിര്‍ദേശം കര്‍ശനമായി പാലിക്കപ്പെട്ടാല്‍ നിലവിലെ സംസ്ഥാന പ്രസിഡന്റ് ജെയ്ക്ക് സി. തോമസ്, സെക്രട്ടറി എം.വിജിന്‍ ഉള്‍പ്പെടെ മാറേണ്ടി വരും. ജെയ്ക് പാര്‍ട്ടി കോട്ടയം ജില്ലാ കമ്മിറ്റിയിലും വിജിന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയിലും അംഗങ്ങളാണ്. 575 പ്രതിനിധികളാണ് ഇക്കുറി സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.

Top