cpm district leadership trouble

കണ്ണൂര്‍; യുവ ഐ പി എസ് ഓഫീസര്‍ എസ് പി സഞ്ജയ് ഗരുഡിനെ സ്ഥലം മാറ്റിയിട്ടും കണ്ണൂരിലെ പൊലീസ് സംവിധാനം ‘മാറാത്തതില്‍’ സി പി എം ജില്ലാ നേതൃത്വത്തിന് കടുത്ത പ്രതിഷേധം.

ബി ജെ പി പ്രവര്‍ത്തകന്‍ സന്തോഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട പൊലീസ് നടപടികളാണ് സി പി എം നേതൃത്വത്തെ ചൊടിപ്പിച്ചിരിക്കുന്നത്.

സി പി എമ്മിന് അനഭിമതനായതിനെ തുടര്‍ന്ന് സ്ഥലം മാറ്റിയ ഉത്തര്‍പ്രദേശുകാരനായ സഞ്ജയിന് പകരം ജില്ലയില്‍ ഡി വൈ എസ് പി – സി ഐ തസ്തികയില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ള കെ.പി ഫിലിപ്പിനെയാണ് എസ് പിയായി സി പി എം നേതൃത്വത്തിന്റെ താല്‍പര്യപ്രകാരം നിയമിച്ചിരുന്നത്. കണ്‍ഫേഡ് ഐ പി എസുകാരനാണ് ഫിലിപ്പ്. പുതിയ എസ് പി ചാര്‍ജെടുത്ത് ഏതാനും ദിവസങ്ങള്‍ക്കിടെ നടന്ന ഈ കൊലപാതകവുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘര്‍ഷം ഒഴിവാക്കാന്‍ ജില്ലാ പൊലീസിന് കഴിഞ്ഞിട്ടില്ലന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍.

സന്തോഷിന്റെ മൃതദേഹവും വഹിച്ച് കൊണ്ടുള്ള വിലാപയാത്ര സ്‌കൂള്‍ യുവജനോത്സവ വേദിക്കരികിലൂടെ കടത്തിവിട്ട നടപടി ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നുവെന്നാണ് ജില്ലാ നേതൃത്വം ചൂണ്ടിക്കാണിക്കുന്നത്. സംഭവം വിവാദമായതോടെ കണ്ണൂര്‍ റേഞ്ച് ഐ ജി ദിനേന്ദ്ര കശ്യപിനെ സര്‍ക്കാര്‍ സ്ഥലം മാറ്റിയിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ പൊലീസ് സേനക്ക് അകത്തും കടുത്ത ഭിന്നത രൂപപ്പെട്ടിട്ടുണ്ട്.

ജില്ലയിലെ ക്രമസമാധാന ചുമതല എസ് പിയുടെ ഉത്തരവാദിത്വമായിരിക്കെ നാല് ജില്ലകളിലെ മേല്‍നോട്ട ചുമതല വഹിക്കുന്ന ഐ ജിയെ ബലിയാടേക്കേണ്ടിയിരുന്നില്ലന്നാണ് പൊലീസുദ്യോഗസ്ഥര്‍ക്കിടയിലെ അഭിപ്രായം.

അതേസമയം സന്തോഷിന്റെ കൊലപാതകത്തില്‍ സി പി എംന് ബന്ധമില്ലെന്ന സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും .കൊല നടത്തിയത് ആര്‍ എസ് എസ് ആണെന്ന ജില്ലാ സെക്രട്ടറി പി.ജയരാജന്റെയും നിലപാടുകള്‍ തള്ളി കളഞ്ഞ പൊലീസ് നടപടി സി പി എമ്മിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായുള്ള കൊലപാതകമാണെന്ന ഉറച്ചനിലപാടിലാണ് പൊലീസ്.

സംസ്ഥാന സ്‌കൂള്‍ കലോത്സവം നടന്ന് കൊണ്ടിരിക്കെ തന്നെ ഇത്തരമൊരു സമീപനം പൊലീസ് സ്വീകരിക്കുമെന്ന് സി പി എം നേതൃത്വം കരുതിയിരുന്നില്ല. തലശ്ശേരി ബ്രിണ്ണന്‍ കോളജുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് കൊലപാതകമെന്നാണ് പൊലീസ് ഭാഷ്യം. എട്ട് പ്രതികളില്‍ പൊലീസ് അറസ്റ്റ് ചെയ്ത 6 പേരും സി പി എം പ്രവര്‍ത്തകരാണ്. ജില്ലാ പൊലീസ് മേധാവി കെ പി ഫിലിപ്പിന്റെ നേതൃത്വത്തില്‍ തന്നെയാണ് അന്വേഷണവും പുരോഗമിക്കുന്നത്.

അതി നിര്‍ണ്ണായക ഘട്ടത്തില്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയ പൊലീസ് ഉദ്യോഗസ്ഥരോടാണ് കണ്ണൂരിലെ സി പി എം നേതാക്കളുടെ ഇപ്പോഴത്തെ കലിപ്പ്.
എസ് പിയായാലും കീഴിലുള്ള ഉദ്യോഗസ്ഥര്‍ ആയാലും വീണ്ടും ഏതു നിമിഷവും തെറിക്കുമെന്ന അവസ്ഥയാണ് നിലവില്‍ ഉള്ളത്.

സഞ്ജയ് ഗരുഡിന് വീര്യം കൂടിയതാണ് സ്ഥാനം തെറിക്കാന്‍ ഇടയാക്കിയതെങ്കില്‍ പുതിയ എസ് പിക്ക് വീര്യം കുറഞ്ഞതാണ് നില പരിങ്ങലില്‍ ആവാന്‍ കാരണം.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും സംസ്ഥാന സ്‌കൂള്‍ യുവജനോത്സവം നടന്ന് കൊണ്ടിരിക്കെ നടന്ന ഈ കൊലപാതകം ആര് നടത്തിയതായാലും ഒരിക്കലും അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നാണ് സി പി എം നേത്യത്വത്തിന്റെ നിലപാട്. പാര്‍ട്ടി തലത്തില്‍ ഇതു സംബന്ധമായ അന്വേഷണവും ജില്ലാ നേതൃത്വം ഇപ്പോള്‍ നടത്തുന്നുണ്ട്.

Top