cpm central committee warned VS

തിരുവനന്തപുരം: ഒടുവില്‍ വി.എസ് അച്യുതാനന്ദനെ സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര കമ്മിറ്റി തീരുമാനിച്ചു. ഇക്കാര്യത്തില്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗം ചേര്‍ന്ന് അന്തിമ തീരുമാനമെടുക്കും. പ്രത്യേക ക്ഷണിതാവായി ഉള്‍പ്പെടുത്താനാണ് തീരുമാനം.

പോളിറ്റ് ബ്യൂറോയിലും കേന്ദ്ര കമ്മറ്റിയിലും നടന്ന വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് നിര്‍ണ്ണായക തീരുമാനം ഉണ്ടായത്.

വോട്ട് ചെയ്യാനുള്ള അധികാരമൊഴികെ മറ്റെല്ലാ അധികാരവും ഇനിമേല്‍ വി.എസിന് ഉണ്ടാകും. വി.എസിന്റെ ഘടകം ഇനി സംസ്ഥാന കമ്മിറ്റിയാണെന്നും അവിടെ ഇനി എന്ത് വിമര്‍ശനം ഉന്നയിക്കാനും അദ്ദേഹത്തിന് അധികാരമുണ്ടായിരിക്കുമന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി അറിയിച്ചു.

കേന്ദ്ര കമ്മറ്റി യോഗത്തില്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ഭൂരിഭാഗംപേരും വി.എസിനെ സംസ്ഥാന കമ്മറ്റിയില്‍ ഉള്‍പ്പെടുത്തണമെന്ന് അവശ്യപ്പെടുകയായിരുന്നു.

പിബി കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍മേല്‍ കടുത്ത നടപടി വേണ്ടെന്നും അംഗങ്ങള്‍ വാദിച്ചു. ഇതേ തുടര്‍ന്നാണ് ശിക്ഷ താക്കീതില്‍ ഒതുക്കിയത്.

പ്രായാധിക്യവും,പാര്‍ട്ടി ചട്ടങ്ങളും കാരണമാണ് സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്താതിരുന്നതെന്ന് കേന്ദ്ര നേതൃത്വം അറിയിച്ചു.

പാര്‍ട്ടി ശിക്ഷാ നടപടികളില്‍ ഏറ്റവും ലഘുവായതാണ് താക്കീത്. സംസ്ഥാന സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയത് ഉള്‍പ്പെടെയുള്ള അച്ചടക്ക ലംഘനങ്ങള്‍ വി.എസ് നടത്തിയെന്നായിരുന്നു പിബി റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിച്ചിരുന്നത്.

കഴിഞ്ഞ ദിവസം തലസ്ഥാനത്ത് നടന്ന സിപിഎം റാലിയില്‍ പ്രാസംഗികന്‍ അല്ലാതിരുന്നിട്ടും വിഎസ് വേദിയിലെത്തിയപ്പോള്‍ ഇളകിമറിഞ്ഞ അണികളുടെ ആവേശം ആ ദൃശ്യത്തിന് സാക്ഷ്യ വഹിച്ച കേന്ദ്ര കമ്മറ്റി അംഗങ്ങളെ വലിയ രൂപത്തില്‍ സ്വാധീനിച്ചതായാണ് അറിയുന്നത്. പൊതു സമ്മേളനത്തില്‍ പങ്കെടുത്ത മറ്റൊരു നേതാവിനും കിട്ടാത്ത സ്വീകരണമായിരുന്നു ഇത്.

കേരളത്തില്‍ ഏറ്റവും ജനസ്വാധീനമുള്ളത് 93കാരനായ ഈ സിപിഎം സ്ഥാപകനേതാവിനാണ് എന്നത് അംഗീകരിച്ച് കൂടിയാണ് വി.എസിനെ പാര്‍ട്ടി സംസ്ഥാന കമ്മറ്റിയില്‍ ഇപ്പോള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Top