കോണ്‍ഗ്രസ്സുമായുള്ള സഖ്യം പൂര്‍ണ്ണമായി തള്ളി സിപിഎം സംസ്ഥാന സമ്മേളനം

cpm

തൃശൂര്‍: കോണ്‍ഗ്രസുമായുള്ള സഖ്യ സാധ്യത പൂര്‍ണ്ണമായും തള്ളികളഞ്ഞ് സി.പി.എം സംസ്ഥാന സമ്മേളനം. നവ ഉദാരണ സാമ്പത്തിക നയത്തിന്റെ പ്രയോക്താക്കളായ കോണ്‍ഗ്രസുമായി ഒരു സഖ്യവും പാടില്ലെന്ന് സി.പി.എം സംസ്ഥാന സമ്മേളനത്തില്‍ പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.

കോണ്‍ഗ്രസ് സഖ്യത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെ ഭാഗത്ത് നിന്നുള്ള അവ്യക്തത നിറഞ്ഞ അഭിപ്രായങ്ങള്‍ അവസാനിപ്പിക്കണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുടെ നിലപാട് തള്ളി, പാര്‍ട്ടി കേന്ദ്രകമ്മറ്റിയും പോളിറ്റ് ബ്യുറോയും രൂപം നല്‍കിയ കരട് പ്രമേയത്തിനാണ് ഭൂരിപക്ഷം പ്രതിനിധികളും പിന്തുണ നല്‍കിയത്.

അതേസമയം, സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സീതാറാം യെച്ചൂരി നടത്തിയ പ്രസംഗത്തില്‍ അവ്യക്തതയൊന്നുമില്ലെന്ന് ശനിയാഴ്ച സമ്മേളന നടപടികള്‍ വിശദീകരിക്കാന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ എ. വിജയരാഘവന്‍ പറഞ്ഞു. പി.ബിയുടേയും കേന്ദ്ര കമ്മറ്റിയുടേയും നിലപാട് തന്നെയാണ് യച്ചൂരി ആവര്‍ത്തിച്ചതെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് സഖ്യത്തിനെതിരായ നിലപാടില്‍ യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്നും ഇതിന് വിരുദ്ധമായി സഖ്യമുണ്ടായാല്‍ അത് ആത്മഹത്യാപരമായിരിക്കുമെന്നും പ്രതിനിധികള്‍ അറിയിച്ചു.

ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഏകോപിപ്പിക്കുന്നതിന് അടവുനയം സ്വീകരിക്കുമെന്ന നിലപാട് കോണ്‍ഗ്രസ് സഖ്യത്തിലേക്കുള്ള പാലമായി മാറരുത്. ദേശീയതലത്തിലെ നിലപാടിന് വേണ്ടി കേരളത്തില്‍ പാര്‍ട്ടിയുടെ അടിത്തറ തകര്‍ക്കാനാകില്ലെന്നും പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.

Top