പശുക്കള്‍ക്ക് ആധാറിന് സമാനമായ തിരിച്ചറിയല്‍ നമ്പര്‍ ഏര്‍പ്പെടുത്തി ജാര്‍ഖണ്ഡ് സര്‍ക്കാര്‍

cowcow

ന്യൂഡല്‍ഹി: പശുക്കള്‍ക്ക് ആധാറിന് സമാനമായ സവിശേഷ തിരിച്ചറിയല്‍ നമ്പര്‍ ഏര്‍പ്പെടുത്തി ജാര്‍ഖണ്ഡ് സര്‍ക്കാര്‍.

12,000 പശുക്കള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ തിരിച്ചറിയല്‍ നമ്പര്‍ ഘടിപ്പിച്ചത്.

ജാര്‍ഖണ്ഡിലെ റാഞ്ചി, ഹസാരിബാഗ്, ധന്‍ബാദ്, ബൊക്കാറോ, ജംഷഡ്പൂര്‍, ദിയോഘര്‍, ഗിരിധിഹ്, ലോഹര്‍ദാഗാ എന്നീ എട്ട് ജില്ലകളിലായാണ് ആദ്യഘട്ടത്തില്‍ പദ്ധതികള്‍ നടപ്പിലാക്കിയിരിക്കുന്നത്.

കേന്ദ്ര സംസ്ഥാന എജന്‍സികളുടെ സംയുക്ത നീക്കത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഉദ്യോഗസ്ഥര്‍ വീടുകളിലെത്തി ടാഗ് ഘടിപ്പിക്കും. ജാര്‍ഖണ്ഡില്‍ ഏകദേശം 42 ലക്ഷത്തോളം കന്നുകാലികള്‍ ഉണ്ട്. അതില്‍ 70 ശതമാനവും പശുക്കളാണ്. ഈ പദ്ധതി 24 ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കുകയും ഈ വര്‍ഷം കുറഞ്ഞത് 18 ലക്ഷം കന്നുകാലികളില്‍ പദ്ധതി നടപ്പാക്കാനുമാണ് കേന്ദ്ര നിര്‍ദേശമെന്ന് INAPH (മൃഗങ്ങളുടെ വിവരശേഖരണം നടത്തുന്ന കേന്ദ്ര എജന്‍സി) നോഡല്‍ ഇന്‍ ചാര്‍ജ് കെ.കെ. തിവാരി പറഞ്ഞു.

ഓരോ മൃഗത്തിന്റെയും വിവരങ്ങള്‍ എവിടെ നിന്നും എപ്പോള്‍ വേണമെങ്കിലും സ്മാര്‍ട്ട്‌ഫോണിലൂടെ കണ്ടെത്താന്‍ കഴിയുമെന്ന് ഉദ്യോഗസ്ഥര്‍ അവകാശപ്പെട്ടു. കന്നുകാലികളുടെ അനധികൃത കച്ചവടവും കശാപ്പും തടയുന്നതിനായി സംസ്ഥാന ഭരണകൂടം ഇതുവരെ ആയിരത്തിലേറെ കശാപ്പുശാലകള്‍ അടച്ചിട്ടുണ്ട്.

പശുക്കളുടെ ചെവിയില്‍ 12 അക്ക സവിശേഷ തിരിച്ചറിയല്‍ നമ്പര്‍ സഹിതമുള്ള ടാഗ് സ്ഥാപിക്കാന്‍ സാങ്കേതിക
വിദഗ്ധര്‍ക്ക് മൃഗസംരക്ഷണവകുപ്പ് നിര്‍ദേശം നല്‍കിയതായി നേരത്തേ ഇക്കണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കന്നുകാലികളുടെ ചെവിയില്‍ ടാഗ് ഘടിപ്പിക്കുകയെന്നതാണ് ഇവര്‍ക്കുള്ള ദൗത്യം. കീഴ്ക്കാതിന്റെ മധ്യത്തിലാണ് മഞ്ഞ നിറമുള്ള ടാഗ് ഘടിപ്പിക്കുക. ടാഗ് ഉറപ്പിച്ചുകഴിഞ്ഞാല്‍ ടാബ്ലറ്റില്‍ വിവരങ്ങള്‍ ഓണ്‍ലൈനായി അപ്‌ഡേറ്റ് ചെയ്യും.

ഇതിനായി 50,000 ടാബ്ലറ്റും നല്‍കിയിട്ടുണ്ട്. ടാഗ് ഘടിപ്പിക്കുന്നതോടെ കന്നുകാലിയുടെ ഉടമക്ക് സവിശേഷ തിരിച്ചറിയല്‍ നമ്പറും പ്രതിരോധകുത്തിവെപ്പ് വിവരങ്ങളും ഉടമയുടെ വിവരങ്ങളും രേഖപ്പെടുത്തിയ മൃഗ ആരോഗ്യ കാര്‍ഡ് നല്‍കുകയും ചെയ്യും. ടാഗ്, ഘടിപ്പിക്കുന്ന ഉപകരണം, ടാബ്ലറ്റ്, ആരോഗ്യ കാര്‍ഡ് എന്നിവക്കെല്ലാമായി 148 കോടിയോളം കേന്ദ്രസര്‍ക്കാര്‍ മാറ്റിവെച്ചിട്ടുണ്ട്.

പദ്ധതി നടപ്പാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് ജാര്‍ഖണ്ഡില്‍ പദ്ധതി നടപ്പാക്കി തുടങ്ങിയത്. പാല്‍ ചുരത്തുന്ന പ്രായം കഴിഞ്ഞ പശുക്കള്‍ക്ക് പ്രത്യേക പരിരക്ഷ വേണമെന്നും ദുരിതത്തിലായ കര്‍ഷകര്‍ക്കായി പദ്ധതി ഏര്‍പ്പെടുത്തണമെന്നും കേന്ദ്രം നേരത്തേ സുപ്രിംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

Top