court order to produce Sunil

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതികളെ അന്വേഷണ ഉദ്യോഗസ്ഥന് കൈമാറാന്‍ കോടതി ഉത്തരവിട്ടു. കോടതി വളപ്പില്‍നിന്നും പൊലീസ് നാടകീയമായി കസ്റ്റഡിയിലെടുത്ത പള്‍സര്‍ സുനിയേയും വിജീഷിനേയും നെടുമ്പാശേരി സിഐയ്ക്കു കൈമാറണമെന്ന് എറണാകുളം എസിജെഎം കോടതിയാണ് ഉത്തരവിട്ടത്.

നെടുമ്പാശേരി സിഐയാണ് നടിയെ അക്രമിച്ചതുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം അന്വേഷണ ഉദ്യോഗസ്ഥന്‍ പ്രതികളെ കോടതിയില്‍ ഹാജരാക്കാനും ഉത്തരവില്‍ പറയുന്നുണ്ട്.

കോടതി മുറിയില്‍ നിന്നും പിടിച്ചുകൊണ്ടു പോയി എന്ന്‌ അഭിഭാഷകര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് മജിസ്‌ട്രേറ്റിന്റെ ഇടപെടല്‍.

കേസിലെ മുഖ്യ പ്രതിയായ പള്‍സര്‍ സുനിയെയും കൂട്ടാളി വിജേഷിനേയും പൊലീസ് പിടികൂടിയിരുന്നു. എറണാകുളം എസിജെഎം കോടതിയില്‍ കീഴടങ്ങാനെത്തിയ പ്രതികളെ കോടതിയില്‍ നിന്നാണ് പൊലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തത്.

കോടതി ഉച്ചഭക്ഷണത്തിനായി പിരിഞ്ഞപ്പോഴാണ് സുനിയും വിജീഷും കോടതിയിലെത്തിയത്. പൊലീസുകാരുടെ ശ്രദ്ധയില്‍പ്പെടാതെ അകത്തുകയറിയ സുനിയെ മഫ്തിയിലും യൂണിഫോമിലുമുള്ള പൊലീസുകാര്‍ പ്രതിക്കൂട്ടില്‍ നിന്ന് അറസ്റ്റു ചെയ്യുകയായിരുന്നു.

ബലപ്രയോഗത്തിനിടയില്‍ കൂട്ടുപ്രതിയായ വിജേഷ് പോലീസ് നടപടിക്കിടെ പിടിയിലാകാതിരിക്കാന്‍ നിലത്തുവീണ് കിടന്ന് പ്രതിരോധിക്കാന്‍ ശ്രമിച്ചു. എന്നാല്‍ കൂടുതല്‍ പോലീസ് എത്തി ബലംപ്രയോഗിച്ച് വിജേഷിനേയും സുനിയേയും ജീപ്പിലേക്ക് പിടിച്ചുകയറ്റി. കോടതിയിലേക്ക് പോലീസ് കടക്കുന്നതിനെ അഭിഭാഷകര്‍ എതിര്‍ത്തു. മല്‍പ്പിടുത്തത്തിനൊടുവില്‍ വലിച്ചിഴച്ചാണ് സുനിയെ പോലീസ് ജീപ്പിലേക്ക് മാറ്റിയത്. പ്രതികളെ ഇപ്പോള്‍ ആലുവയിലെ പൊലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്ത് വരികയാണ്.

Top