Court-martialled army officer reinstated after 26 years, def min fined Rs 5 cr

court

ന്യൂഡല്‍ഹി: ഇരുപതു വര്‍ഷം മുമ്പ് കോര്‍ട്ട് മാര്‍ഷല്‍ നടത്തി സൈന്യത്തില്‍ നിന്ന് പുറത്താക്കിയ സൈനികനെ സര്‍വീസില്‍ തിരികെ എടുക്കാന്‍ സായുധ സേനാ ട്രിബ്യൂണലിന്റെ ഉത്തരവ്.

1991 ല്‍ സേനയില്‍ നിന്ന് പുറത്താക്കിയ സെക്കന്‍ഡ് ലഫ്റ്റനന്റ് എസ്.എസ് ചൗഹാനെയാണ് തിരിച്ചെടുക്കാനാണ് ട്രിബ്യൂണല്‍ ഉത്തരവിട്ടത്. ചൗഹാന് പ്രതിരോധ മന്ത്രാലയം അഞ്ച്‌കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ട്രിബ്യൂണലിന്റെ വിധിയില്‍ പറയുന്നു.

ആറാം രജ്പുത് ബറ്റാലിയനിലായിരുന്നു ചൗഹാന്‍ സൈനിക സേവനം ആരംഭിച്ചത്. ശ്രീനഗറിലെ സേവന കാലയളവിലാണ് ഇദ്ദേഹത്തിനെ കോര്‍ട്ട് മാര്‍ഷല്‍ ചെയ്യുന്നത്. ധനാപഹരണം, പട്ടാളത്തില്‍ നിന്ന് ഒളിച്ചോടിപ്പോയി, മാനസിക നില തകരാറിലായി തുടങ്ങിയ കാരണത്താലാണ് അദ്ദേഹത്തെ കോര്‍ട്ട്മാര്‍ഷല്‍ ചെയ്തത്.

1990 ഏപ്രില്‍ 11നടന്ന സൈനിക നടപടിയില്‍ 27.5 കിലോയോളം വരുന്ന സ്വര്‍ണ ബിസ്‌ക്കറ്റുകള്‍ പിടികൂടിയിരുന്നു.

ഇത് തന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ കേണല്‍ കെ.ആര്‍.എസ് പവാറിനെ ഏല്‍പ്പിച്ചെങ്കിലും അത് അപഹരിക്കപ്പെട്ടു. ഇതിന് പിന്നാലെയാണ് ഇദ്ദേഹത്തിന് മേല്‍ വിവിധ കുറ്റങ്ങള്‍ ആരോപിക്കുകയും കോര്‍ട്ട്മാര്‍ഷല്‍ നടത്തി പുറത്താക്കുകയും ചെയ്തത്.

വിചാരണക്കിടെ ചൗഹാന് മേല്‍ ചുമത്തിയ കുറ്റങ്ങള്‍ വ്യാജമാണെന്ന് ട്രിബ്യൂണല്‍ കണ്ടെത്തി.

ഇതിനെത്തുടര്‍ന്നാണ് നാല് കോടി നഷ്ടപരിഹാരം നല്‍കാനും ഒരുകോടി ആര്‍മി വെല്‍ഫെയര്‍ ഫണ്ടില്‍ നിക്ഷേപിക്കാനും ട്രിബ്യൂണല്‍ പ്രതിരോധ മന്ത്രാലയത്തിനോട് ആവശ്യപ്പെട്ടത്.

മാത്രമല്ല സെക്കന്‍ഡ് ലഫ്റ്റനന്റ് എന്ന പദവി ഇപ്പോള്‍ നിലവിലില്ലാത്തതിനാല്‍ ലഫ്റ്റനന്റ് കേണലായി സര്‍വീസിലെടുക്കാനും നിര്‍ദ്ദേശമുണ്ട്.

ചൗഹാനെതിരെ വ്യാജ കുറ്റങ്ങള്‍ ചുമത്തിയ കുറ്റക്കാര്‍ക്കെതിരെ നാല് മാസങ്ങള്‍ക്കകം അന്വേഷണം നടത്തി നടപടിയെടുക്കാനും ട്രിബ്യൂണല്‍ ഉത്തരവുണ്ട്.

Top