വിവാദ മാഗസിന്‍ പിന്‍വലിക്കും ; സംഘടനാ പ്രവര്‍ത്തകര്‍ക്കെതിരെ നടപടിക്ക് എസ്എഫ്‌ഐ

തിരുവനന്തപുരം: തലശ്ശേരി ബ്രണ്ണന്‍ കോളേജ് മാസിക ഉള്ളടക്ക വിവാദത്തില്‍ എസ്എഫ്‌ഐയുടെ കര്‍ക്കശ നടപടി.

ബന്ധപ്പെട്ട പ്രവര്‍ത്തകര്‍ക്കെതിരെ സംഘടനാ തലത്തില്‍ നടപടി സ്വീകരിക്കും. മാസികയിലെ പേജുകള്‍ പിന്‍വലിക്കാനും പുതിയത് പുറത്തിറക്കാനും എസ്എഫ്‌ഐ സംസ്ഥാന നേതൃത്വം കണ്ണൂര്‍ ജില്ലാ കമ്മറ്റിക്ക് നിര്‍ദേശം നല്‍കി.

ഇതേതുടര്‍ന്ന് വിളിച്ച് ചേര്‍ത്ത ബ്രണ്ണന്‍ കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ യോഗത്തില്‍ നേതാക്കള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു.

തിയേറ്ററില്‍ സിനിമപ്രദര്‍ശനത്തിന് മുന്നോടിയായി ദേശീയ ഗാനം ആലപിക്കാനുള്ള നിര്‍ദേശത്തെ പരിഹസിക്കുന്നതിനായി അശ്ലീലചിത്രങ്ങള്‍ ചേര്‍ത്തതായാണ് മാസികയ്‌ക്കെതിരെയുള്ള പ്രധാന ആക്ഷേപം.

പെല്ലറ്റ് എന്ന് പേരിട്ടിരിക്കുന്ന മാസികയുടെ 13 ാം പേജിലാണ് ദേശീയഗാനത്തേയും ദേശീയപതാകയേയും അപമാനിക്കുന്ന തരത്തില്‍ ചിത്രങ്ങള്‍ ചേര്‍ത്തിട്ടുള്ളത്. സമകാലിക രാഷ്ട്രീയ വിഷയങ്ങള്‍ പ്രമേയമാക്കി വരച്ച കാരിക്കേച്ചറുകളെക്കുറിച്ചാണ് പ്രധാന വിമര്‍ശനം.

പുതിയതായി മാസിക പുറത്തിറക്കുമ്പോള്‍ ഇത്തരത്തിലൊരു വിവാദ പരാമര്‍ശവും ചേര്‍ക്കരുതെന്ന് യൂണിയന്‍ ഭാരവാഹികള്‍ക്ക് എസ്എഫ്‌ഐ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Top