എന്നു വരും ? കെ.എം മാണിയുടെ മടങ്ങി വരവും കാത്ത് കോണ്‍ഗ്രസ്‌

മലപ്പുറം: മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിന് ശേഷം വേങ്ങര ഉപതിരഞ്ഞെടുപ്പിലും മുഖ്യചര്‍ച്ചയായി കെ.എം മാണിയുടെ മടങ്ങി വരവ്.

ബി.ജെ.പി, ഇടതു വിരുദ്ധ ജനാധിപത്യ ചേരിയില്‍ കെ.എം മാണി കൂടി വേണമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

കെ.എം. മാണി എന്നും യു.ഡി.എഫിന്റെ ശക്തനായ കൂട്ടാളിയാണെന്നും, അദ്ദേഹത്തെ യു.ഡി.എഫില്‍ നിന്ന് പറഞ്ഞു വിടാന്‍ ആരും ശ്രമിച്ചിട്ടില്ലെന്നും, ജനാധിപത്യചേരിയില്‍ കെ.എം. മാണിയെ ഇനിയും ആവശ്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കെ.എം. മാണി വേങ്ങരയില്‍ എത്തുന്നത് യു.ഡി.എഫ് പ്രചാരണത്തിന് ശക്തി പകരുമെന്നായിരുന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ അഭിപ്രായം, സ്വയം വിട്ടു പോയ കേരള കോണ്‍ഗ്രസ് മടങ്ങി വരവിന്റെ കാര്യത്തിലും സ്വന്തം തീരുമാനമെടുക്കണമെന്നും ചെന്നിത്തല പറഞ്ഞു.

മാത്രമല്ല, മാണി മടങ്ങി വരാന്‍ തയാറെങ്കില്‍ അതിനെ പ്രതീക്ഷയോടെ കാണുന്നൂവെന്ന് കെ.പി.സി.സി അധ്യക്ഷന്‍ എം.എം. ഹസന്‍ പറഞ്ഞു.

കേരള കോണ്‍ഗ്രസ് ഭാവിയില്‍ യു.ഡി.എഫിലേക്ക് തന്നെ മടങ്ങി എത്തുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് നേതൃത്വം.

Top