Congress Cheers Priyanka Gandhi’s Role In Clinching Alliance With Akhilesh Yadav

ന്യൂഡല്‍ഹി: സമാജ്‌വാദി പാര്‍ട്ടി കോണ്‍ഗ്രസ്സ്‌ സഖ്യചര്‍ച്ചകള്‍ക്കു ജീവന്‍ പകര്‍ന്ന പ്രിയങ്ക ഗാന്ധി, ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിലൂടെ ദേശീയ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്കെന്നു സൂചന. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പു മുതല്‍ നേരിടുന്ന തിരിച്ചടികളില്‍നിന്നു കരകയറാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസിന്റെ അവസാന കച്ചിത്തുരുമ്പാണ്, രൂപംകൊണ്ട് മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെ അനുസ്മരിപ്പിക്കുന്ന പ്രിയങ്ക ഗാന്ധി വാധ്‌ര. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിപ്രഭാവം രാജ്യവ്യാപകമായി ബിജെപിക്കു നല്‍കുന്ന മേല്‍ക്കൈ, പ്രിയങ്കയുടെ വരവു കൊണ്ട് മറികടക്കാനാകുമെന്ന പ്രതീക്ഷയിലാണ് നേതാക്കളും പാര്‍ട്ടി പ്രവര്‍ത്തകരും.

ഉത്തര്‍പ്രദേശിലെ സീറ്റുവിഭജന ചര്‍ച്ചകളിലും സഖ്യം രൂപീകരിക്കാനുള്ള ശ്രമങ്ങളിലും ആദ്യവസാനം പങ്കെടുത്ത മുതിര്‍ന്ന നേതാക്കളായ ഗുലാം നബി ആസാദ്, അഹമ്മദ് പട്ടേല്‍ തുടങ്ങിയവരെല്ലാം സഖ്യരൂപീകരണത്തിന്റെ പൂര്‍ണ ക്രെഡിറ്റും പ്രിയങ്കയ്ക്കു നല്‍കാനാണു ശ്രമിച്ചത് എന്നതു ശ്രദ്ധേയമാണ്. സഖ്യ രൂപീകരണത്തില്‍ നിര്‍ണായക പങ്കുവഹിച്ച പ്രിയങ്കയ്ക്ക് ഗുലാം നബി ആസാദ് നന്ദി അറിയിക്കുകയും ചെയ്തു.

പിന്നാലെ പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയായ അഹമ്മദ് പട്ടേലിന്റെ ട്വീറ്റുമെത്തി. സഖ്യചര്‍ച്ചകളില്‍ കോണ്‍ഗ്രസിനുവേണ്ടി പങ്കെടുത്തത് നിസാരക്കാരല്ലെന്നായിരുന്നു പട്ടേലിന്റെ ട്വീറ്റിന്റെ സാരാംശം. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായുള്ള ഉന്നതതല ചര്‍ച്ചകള്‍ക്ക് കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് നേതൃത്വം നല്‍കിയത് ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും (ഗുലാം നബി ആസാദ്) പ്രിയങ്ക ഗാന്ധിയുമാണെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.

ചര്‍ച്ചകളില്‍ തനിക്കുള്ള പങ്കുപോലും വെളിപ്പെടുത്താതെയാണ് ഗുലാം നബിക്കൊപ്പം പ്രിയങ്കയ്ക്കും നേട്ടത്തിന്റെ ക്രെഡിറ്റ് നല്‍കാനുള്ള പട്ടേലിന്റെ ശ്രമം. തന്ത്രപ്രധാനമായ സീറ്റുവിഭജന ചര്‍ച്ചകളില്‍ കോണ്‍ഗ്രസ് നേതാക്കളുടെ ദൂതന്‍മാര്‍ പങ്കെടുക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പ്രിയങ്കയുടെ പേര് നേരിട്ട് പരാമര്‍ശിച്ചുകൊണ്ടുള്ള മുതിര്‍ന്ന നേതാവിന്റെ ട്വീറ്റ്. ദേശീയ രാഷ്ട്രീയത്തില്‍ അതീവ പ്രാധാന്യമുള്ള ഒരു നീക്കത്തില്‍ പ്രിയങ്ക ഗാന്ധിയുടെ പേര് നേരിട്ട് പരാമര്‍ശിക്കപ്പെടുന്നതും ആദ്യമായിട്ടാണ്.

അതേസമയം, പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ചര്‍ച്ചകളിലുള്ള പങ്കിനെക്കുറിച്ച് പരാമര്‍ശിക്കാന്‍ പോലും സോണിയയുടെ രാഷ്ട്രീയ വിശ്വസ്തന്‍ ശ്രമിച്ചില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പ്രിയങ്കയുടെ വര്‍ധിച്ചുവരുന്ന പ്രാധാന്യത്തെക്കുറിച്ച് പാര്‍ട്ടി അണികളെയും എതിരാളികളെയും ബോധ്യപ്പെടുത്താനുള്ള ശ്രമമാണിതെന്നും വ്യാഖ്യാനങ്ങളുണ്ട്. സഖ്യരൂപീകരണ ചര്‍ച്ചകളുടെ സമയത്ത് പ്രിയങ്ക ഗാന്ധി സ്വവസതിയില്‍ മുതിര്‍ന്ന നേതാക്കളെ കാണുന്നതും പതിവായിരുന്നു.

ഇതുവരെയും കുടുംബമണ്ഡലങ്ങളായ ഉത്തര്‍പ്രദേശിലെ റായ് ബറേലിയിലും അമേഠിയിലും ഒതുങ്ങുന്നതായിരുന്നു പ്രിയങ്കയുടെ രാഷ്ട്രീയ പ്രവര്‍ത്തനം. 1999ലെ തിരഞ്ഞെടുപ്പു കാലത്താണ് ഈ മണ്ഡലങ്ങളിലെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പ്രിയങ്ക ആദ്യമായി പങ്കെടുക്കുന്നത്. പാര്‍ട്ടിതല ചര്‍ച്ചകളില്‍ സ്ഥിരസാന്നിധ്യമായിരുന്ന പ്രിയങ്കയുടെ പ്രധാന ദൗത്യം സഹോദരന്‍ രാഹുല്‍ ഗാന്ധിയുടെ ഓഫിസിന്റെ പ്രവര്‍ത്തനങ്ങള്‍ നോക്കിനടത്തുക എന്നതായിരുന്നു.

എന്നാല്‍, 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിട്ട തോല്‍വിയാണ് പ്രിയങ്കയുടെ പേര് പാര്‍ട്ടിതല ചര്‍ച്ചകളില്‍ സ്ഥിരമാക്കിയത്. മോദി തരംഗം ബിജെപിക്ക് നല്‍കിയ വന്‍വിജയത്തിന്റെ നിരാശയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഒരു വിഭാഗം നേതാക്കളും രാഷട്രീയത്തിന്റെ മുഖ്യധാരയിലേക്കുള്ള പ്രിയങ്കയുടെ വരവിനായി വാദിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് മോദിയുടെ വാക്ശരങ്ങള്‍ക്ക് ഏറ്റവും ഫലപ്രദമായി മറുപടി നല്‍കിയത് പ്രിയങ്കയാണെന്ന തോന്നലും ഇതിന് കാരണമായി. രാജ്യവ്യാപകമായി തരംഗം സൃഷ്ടിച്ച് മുന്നേറിയ മോദിക്ക് ഏറ്റവും വെല്ലുവിളി ഉയര്‍ന്നതും പ്രിയങ്കയില്‍നിന്നായിരുന്നു.

പിന്നീട്, പ്രിയങ്കയുടെ പേര് ദേശീയ രാഷ്ട്രീയത്തില്‍ ചര്‍ച്ചയാകുന്നത് ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ ആരംഭിച്ചതോടെയാണ്. ഉത്തര്‍പ്രദേശിലും പഞ്ചാബിലും നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് തന്ത്രങ്ങള്‍ രൂപീകരിക്കാന്‍ പ്രശാന്ത് കിഷോറെന്ന രാഷ്ട്രീയ തന്ത്രജ്ഞനെ കൊണ്ടുവന്നതോടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രിയങ്ക കൂടുതല്‍ അനിവാര്യയായി മാറി.

കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് പ്രിയങ്കയെ മുഖ്യ മുഖമാക്കാം എന്ന ആശയം അദ്ദേഹം അവതരിപ്പിക്കുകയും ചെയ്തു. പിന്നീട്, സമാജ്‌വാദി പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ക്കൊടുവില്‍ കോണ്‍ഗ്രസ്എസ്പി സഖ്യത്തിന് സാധ്യത തെളിഞ്ഞതോടെ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കാനുള്ള ഉത്തരവാദിത്തവും പ്രിയങ്കയിലേക്കെത്തി. അതേറ്റവും ഭംഗിയാക്കിയതോടെ കാത്തിരിപ്പ് നീളുകയാണ്. എന്താകും കോണ്‍ഗ്രസിന്റെയും പ്രിയങ്കയുടെയും ഭാവി എന്ന് രാജ്യവും ഉറ്റുനോക്കുന്നു.

പിന്‍കുറിപ്പ്: ദേശീയ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് പ്രവേശിക്കാനൊരുങ്ങുന്ന പ്രിയങ്കയ്ക്ക്, സ്വന്തം ഭര്‍ത്താവിന്റെ പേര് ബാധ്യതയായി മാറുമോ എന്ന ആശങ്ക പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുണ്ട്. അവര്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ സജീവമല്ലാതിരുന്ന കാലത്തുപോലും റോബര്‍ട്ട് വാധ്‌രയുടെ പേര് കോണ്‍ഗ്രസിനെ അടിക്കാനുള്ള വടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഉപയോഗിച്ചിരുന്നു.

Top