Congress and Aam Aadmi Party aimed Kanhaiya Kumar

ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ ചെയര്‍മാന്‍ കനയ്യ കുമാറിനെ ലക്ഷ്യമിട്ട് രാഹുല്‍ ഗാന്ധിയും അരവിന്ദ് കെജ്‌രിവാളും.

സംഘ്പരിവാന്റെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കണ്ണിലെ ‘കരടായ’ കനയ്യകുമാര്‍ ഇടത് പാളയം വിട്ട് തങ്ങളുടെ കൂടെ നില്‍ക്കണമെന്നാണ് ഇരു നേതാക്കളുടെയും ആഗ്രഹം.

രാഹുലിന്റെയും കെജ്‌രിവാളിന്റെയും ദൂതന്മാര്‍ ഇതുസംബന്ധമായി കനയ്യകുമാറുമായി ആശയവിനിമയം നടത്തിയിട്ടുണ്ടെങ്കിലും അനുകൂല പ്രതികരണം ലഭിച്ചിട്ടില്ല.

വലിയ വാഗ്ദാനങ്ങളാണ് കെജ്‌രിവാളും രാഹുല്‍ ഗാന്ധിയും കനയ്യക്ക് മുന്നില്‍ അവതരിപ്പിച്ചിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്.

ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രസക്തി നഷ്ടപ്പെട്ടതിനാല്‍ കനയ്യ കോണ്‍ഗ്രസ്സുമായി സഹകരിക്കണമെന്ന നിലപാടിലാണ് രാഹുല്‍ ഗാന്ധി.

എന്‍എസ് യു-യൂത്ത് കോണ്‍ഗ്രസ്സ് സംഘടനകളുടെ ഭാരവാഹിത്വം മുതല്‍ എംപി പദവി വരെയുണ്ട് വാഗ്ദാനത്തിലത്രെ.

കനയ്യയുടെ താരപദവി നേട്ടമാകുമെന്ന് കണ്ട് സമാജ് വാദി പാര്‍ട്ടിയും ബീഹാറിലെ ജെഡിയുവും നേരത്തെ തന്നെ കനയ്യക്ക് വേണ്ടി ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു.

വരുന്ന പഞ്ചാബ്, ഗുജറാത്ത് തിരഞ്ഞെടുപ്പുകള്‍ ആംആദ്മി പാര്‍ട്ടിക്ക് നിര്‍ണ്ണായകമായതിനാല്‍ കനയ്യയെ പോലുള്ള ഒരു യുവനേതാവിന്റെ സാന്നിധ്യം കെജ് രിവാള്‍ ആഗ്രഹിക്കുന്നുണ്ട്.

എന്നാല്‍ ഇടത്പക്ഷ നേതാക്കളുമായി അടുത്ത സൗഹൃദമുള്ളതിനാല്‍ കനയ്യ സഹകരിക്കാന്‍ തയ്യാറാണെങ്കില്‍ മാത്രം പരിഗണിക്കും എന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്.

കോണ്‍ഗ്രസ്സ് ആവട്ടെ യുപിയിലാണ് ഇപ്പോള്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗുജറാത്തിലും പഞ്ചാബിലും അധികാരത്തില്‍ വരാമെന്നും യുപിയില്‍ സമാജ്‌വാദി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കി നേട്ടം കൊയ്യാമെന്നുമാണ് കണക്ക്കൂട്ടല്‍.

തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ ഇടത്പക്ഷത്തിന് കാര്യമായ റോളൊന്നുമില്ലാത്തതിനാല്‍ കനയ്യയുടെ ‘സേവനം’ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് ആം ആദ്മി പാര്‍ട്ടിയുടെയും കോണ്‍ഗ്രസ്സിന്റെയും നീക്കങ്ങള്‍.

ബിജെപി ഫാസിസ്റ്റ് പാര്‍ട്ടിയല്ലെന്ന സിപിഎം നേതാവ് പ്രകാശ് കാരാട്ടിന്റെ പ്രസ്താവനക്കെതിരെ ആഞ്ഞടിച്ച് രംഗത്ത് വന്ന കനയ്യകുമാര്‍ പോരാടാന്‍ വയ്യെങ്കില്‍ ന്യൂയോര്‍ക്കിലേക്ക് പോവാന്‍ ആവശ്യപ്പെട്ടത് കനയ്യയുടെ മനം മാറ്റത്തിന്റെ സൂചനയായാണ് ഇവര്‍ കാണുന്നത്.

സിപിഎമ്മില്‍ അല്ല മറിച്ച് സിപിഐയിലും അതിന്റെ വിദ്യാര്‍ത്ഥി വിഭാഗത്തിലുമാണ് കനയ്യ കുമാര്‍ പ്രവര്‍ത്തിക്കുന്നതെങ്കിലും ഇടതുപക്ഷ ഐക്യത്തെ തന്നെ ബാധിക്കുന്നതായാണ് കനയ്യയുടെ കാരാട്ടിനെതിരായ നീക്കത്തെ വിലയിരുത്തപ്പെടുന്നത്. പരാമര്‍ശം വിവാദമായതിനെ തുടര്‍ന്ന് കാരാട്ടിനെ അപമാനിക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്ന് പറഞ്ഞ് കനയ്യ രംഗത്ത് വന്നിട്ടുണ്ടെങ്കിലും വിവാദം കെട്ടടങ്ങിയിട്ടില്ല.

ഇപ്പോഴത്തെ സാഹചര്യത്തില്‍ അധികനാള്‍ ഇടത് ചേരിയില്‍ നില്‍ക്കാന്‍ കനയ്യക്ക് കഴിയില്ലെന്നാണ് കോണ്‍ഗ്രസ്സടക്കമുള്ള മറ്റ് മതേതര പാര്‍ട്ടികള്‍ കരുതുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസ്സിന് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ ഏറെ നിര്‍ണ്ണായകമാണ്.

കോണ്‍ഗ്രസ്സ് നേട്ടമുണ്ടാക്കേണ്ട പഞ്ചാബ്, ഗോവ,,ഗുജറാത്ത് സംസ്ഥാനങ്ങളില്‍ ആംആദ്മി പാര്‍ട്ടി ശക്തി പ്രാപിക്കുന്നതും നേതൃത്വം ഗൗരവമായാണ് കാണുന്നത്.

ഈ സംസ്ഥാനങ്ങളിലെ സംഘ്പരിവാറിലെ അസംതൃപ്തി ആംആദ്മി പാര്‍ട്ടിക്ക് നേട്ടമാവാതിരിക്കാന്‍ ആവശ്യമായ ഇടപെടലുകള്‍ നടത്താന്‍ രാഹുല്‍ ഗാന്ധി തന്നെ നേരിട്ട് സംസ്ഥാന ഘടകങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Top