ബിജെപിയെ പരാജയപ്പെടുത്തുക ലക്ഷ്യം; നിലപാടിലുറച്ച് സീതാറാം യെച്ചൂരി

yechuri

തിരുവനന്തപുരം: അടുത്തു വരുന്ന തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തുകയെന്നതാണു പരമമായ ലക്ഷ്യമെന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സിപിഐ 23-ാം പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായി സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു യെച്ചൂരി.

ഈ ദൗത്യം വിജയിക്കണമെങ്കില്‍ രാജ്യത്തു മതേതര കക്ഷികളുടെ യോജിച്ച വേദിയുണ്ടാകണമെന്നും അതിനാണു പ്രധാന ഇടതുപക്ഷ പാര്‍ട്ടികളെന്ന നിലയില്‍ സിപിഎമ്മും സിപിഐയും നിലകൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കോണ്‍ഗ്രസ്സുമായി ഏതുതരത്തിലുള്ള ബന്ധമാണു വേണ്ടതെന്നു പാര്‍ട്ടി കോണ്‍ഗ്രസ്സ് കഴിഞ്ഞേ തീരുമാനമുണ്ടാകൂവെന്നും കേവലം തിരഞ്ഞെടുപ്പു സഖ്യമല്ല പകരം വിശാല ഐക്യമാണു ബിജെപിക്കെതിരെ വളര്‍ന്നുവരേണ്ടതെന്നും അദ്ദേഹം സൂചിപ്പിച്ചു.

രാജ്യത്തു ഭരണം നടത്തുന്നതു ബിജെപിയാണെങ്കിലും ഭരണത്തെ നിയന്ത്രിക്കുന്നത് ആര്‍എസ്എസാണെന്നും രാജ്യത്ത് ഒരു പുതിയ ഭരണഘടന കൊണ്ടുവരാനുള്ള ശ്രമമാണു ബിജെപി നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top