മലക്കം മറിഞ്ഞ് കോൺഗ്രസ്സ്, ഗൗരിയെ കൊന്നത് ആർ.എസ്.എസ് ആണെന്ന് പറഞ്ഞിട്ടില്ലെന്ന്

ബംഗളൂരു: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയതിന് പിന്നില്‍ ആര്‍.എസ്.എസും ബി.ജെ.പിയുമാണെന്ന് പറഞ്ഞിട്ടില്ലെന്ന് മുതിർന്ന കോൺഗ്രസ്സ് നേതാവും ലോക് സഭാ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ.

എന്നാല്‍ രാജ്യത്ത് ആശയങ്ങളിലെ അഭിപ്രായ വ്യത്യാസം മൂലം ആളുകള്‍ കൊല്ലപ്പെടുന്ന സാഹചര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കര്‍ണാടകയില്‍ നടക്കുന്ന രാഷ്ട്രീയ മാറ്റങ്ങളില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി ഇടപെടുന്നുണ്ടെന്നും ഇതിനോടകം തന്നെ ഇക്കാര്യം മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി സംസാരിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട സംഭവത്തില്‍ കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ വാക്കു തര്‍ക്കം തുടരുന്നതിനിടെയാണ് ഖാര്‍ഗെയുടെ പ്രസ്താവന.

സംഭവം രാഷ്ട്രീയവത്കരിക്കരുതെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഗൗരിയുടെ കൊലപാതകത്തെ രാഷ്ട്രീയവത്കരിക്കാനാണ് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ശ്രമിക്കുന്നത്. മാവോയിസ്റ്റുകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ പരിശ്രമിച്ച ഗൗരിയ്ക്ക് മതിയായ സുരക്ഷയൊരുക്കാത്തത് കര്‍ണാടക ഭരിക്കുന്ന കോണ്‍ഗ്രസിന്റെ വീഴ്ചയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഗൗരി കൊല്ലപ്പെട്ട് മണിക്കൂറുകള്‍ക്കകം സംഭവത്തിന് പിന്നില്‍ ആര്‍.എസ്.സും ബി.ജെ.പിയുമാണെന്ന് പറഞ്ഞ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും അദ്ദേഹം വിമര്‍ശിച്ചു. കൃത്യമായ പഠനം കൂടാതെ ഓരോന്നു വിളിച്ചുപറയുന്ന കോണ്‍ഗ്രസിന്റെ ഈ മഹാനായ നേതാവ്, അന്വേഷണം ആരംഭിക്കും മുന്‍പേ ആര്‍.എസ്.എസിനു നേരെ വിരല്‍ ചൂണ്ടിയിരിക്കുകയാണെന്നും ഇത്തരം പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.

Top