ഐഎസ്എല്‍ ടീമിനെ ഉപയോഗിച്ച് സാമ്പത്തിക ക്രമക്കേട്, ഷാരൂഖ് ഖാനെതിരെ പരാതി

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ സ്വന്തം ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ഉപയോഗിച്ച് സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയെന്ന് ബോളിവുഡ് താരം ഷാരൂഖ് ഖാനെതിരെ പരാതി.

വിദേശ സാമ്പത്തിക ഇടപാടുകളില്‍ ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കുന്നതിനായി എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് താരത്തിന് നോട്ടീസ് അയച്ചിട്ടുണ്ട്. ആഗസ്റ്റ് 23ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ താരത്തിനോട് ആവശ്യപ്പെട്ടതായാണ് വിവരം.

ഷാരൂഖ് തന്റെ ഉടമസ്ഥതയിലുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഓഹരികള്‍ വില കുറച്ച് കാണിച്ചതിലൂടെ വിദേശ നാണ്യ വരുമാനത്തില്‍ 73.6 കോടിയുടെ നഷ്ടമുണ്ടായെന്നാണ് പരാതി.

കേസുമായി ബന്ധപ്പെട്ട് താരത്തിനും ഭാര്യ ഗൗരി ഖാനും മറ്റൊരു ബോളിവുഡ് താരം ജൂഹി ചൗളയ്ക്കും എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് ഷോക്കോസ് നോട്ടീസ് നല്‍കിയിരുന്നു. ഷാരൂഖിനൊപ്പം ടീമിന്റെ സഹ ഉടമകളാണ് ജൂഹി ചൗളയും ഭര്‍ത്താവായ ജെയ് മെഹ്ത്തയും.

അതേസമയം, എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കിയിരുന്നെങ്കിലും താരം തന്റെ ഭാഗം വിശദീകരിക്കാന്‍ ഹാജരായിരുന്നില്ല. തുടര്‍ന്നാണ് അദ്ദേഹത്തിനെ വീണ്ടും വിളിച്ചു വരുത്തി ചോദ്യം ചെയ്യുന്നതെന്നാണ് വിവരം. 2011-ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വിദേശത്ത് നിന്നും കള്ളപ്പണം ലഭിച്ചുവെന്ന പരാതിയെ തുടര്‍ന്ന് താരത്തിനെ ചോദ്യം ചെയ്തിരുന്നു.

Top