സിരകളിൽ ആവേശം പടർത്തുന്ന കമ്യൂണിസ്റ്റ് വിപ്ലവ ഗാനങ്ങൾ എ.ബി.വി.പിക്കും ആവേശം

തിരുവനന്തപുരം: സി.പി.എം ആക്രമണത്തിനെതിരെ തിരുവനന്തപുരത്ത് സംഘ പരിവാര്‍ വിദ്യാര്‍ത്ഥി സംഘടന സംഘടിപ്പിച്ച മഹാറാലിയില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ക്ക് ആവേശമായി കമ്യൂണിസ്റ്റ് വിപ്ലവഗാനങ്ങള്‍.

കേരളത്തിലെ യാത്രക്കിടയില്‍ ഉത്തരേന്ത്യക്കാരായ എ.ബി.വി.പിക്കാര്‍ക്ക് പറ്റിയ അക്കിടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

നേത്രാവതി ട്രെയിനില്‍ എ.ബി.വി.പി പ്രവര്‍ത്തകര്‍ യാത്ര ചെയ്തിരുന്ന ബോഗിയില്‍ നാട്ടരങ്ങ് പ്രവര്‍ത്തകരും ഉണ്ടായിരുന്നു.

മുംബൈയിലെ പരിപാടി കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുകയായിരുന്നു കമ്യൂണിസ്റ്റ് അനുഭാവികളായ ഇവര്‍.

പുന്നപ്ര, വയലാര്‍, കയ്യൂര്‍ രക്തസാക്ഷികളെ ഉള്‍പ്പെടെ സ്മരിക്കുന്ന വിപ്ലവഗാനങ്ങളാണ് 200 പേരോളം വരുന്ന എബിവിപിക്കാര്‍ നാടന്‍പാട്ട് സംഘത്തോടൊപ്പം ചേര്‍ന്ന് പാടിയത്.

ഭാഷയോ പാട്ടിന്റെ അര്‍ത്ഥമോ അറിയാത്ത ഇവര്‍ പാട്ടിന്റെ താളത്തിനൊപ്പം കൂടുകയായിരുന്നു.

”സമരൈക്യത്തിന്‍ സരണികളില്‍ സംഗീതം പാടും നാട്, കുട്ടനാട്, ശൂരനാട്, പുന്നപ്ര, വയലാര്‍… ഇല്ല നമ്മള്‍ അറിഞ്ഞില്ല, നമ്മള്‍ ഒന്നും സഹിച്ചില്ല. ഈ ഇന്ത്യ സ്വാതന്ത്ര്യം നേടാന്‍, എത്രപേര്‍ മരിച്ചുവീണു, എത്രപേര്‍ രക്തസാക്ഷികളായി. നല്ലൊരു നാളെയ്ക്കായി ഞങ്ങള്‍ക്കായി തന്ന് പോയവരെ ഈ നാടിന് വേണ്ടി എല്ലാം മറന്ന ധീരനായകരെ..” തുടങ്ങി കയ്യൂര്‍ സമരങ്ങളെക്കുറിച്ചുള്ള പാട്ടുകള്‍ വരെ അവര്‍ ഏറ്റുപാടി.

എ.ബി.വി.പിക്കാര്‍ വിപ്ലവഗാനം ഏറ്റുപാടുന്ന ദൃശ്യം ട്രയിനില്‍ യാത്ര ചെയ്തിരുന്ന മറ്റു യാത്രക്കാരും മൊബൈലില്‍ പകര്‍ത്തിയിരുന്നു. ഈ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

Top