വീണ്ടും വസന്തത്തിന്റെ ഇടിമുഴക്കവുമായി നേപ്പാൾ, കമ്യൂണിസ്റ്റുകളുടെ വൻ മുന്നേറ്റം

കാഠ്മണ്ഡു: നേപ്പാളില്‍ കമ്യൂണിസ്റ്റുകള്‍ നേടിയ വലിയ മുന്നേറ്റം ലോകത്തെ പൊരുതുന്ന വിപ്ലവ പ്രസ്ഥാനങ്ങള്‍ക്ക് ആവേശമാകുന്നു.

കമ്യൂണിസ്റ്റ് ആശയങ്ങള്‍ക്ക് ഇപ്പോഴും പ്രസക്തി നഷ്ടപ്പെട്ടിട്ടില്ലന്ന് തെളിയിക്കുന്നതായിരുന്നു ഇന്ത്യയുടെ അയല്‍ രാജ്യമായ നേപ്പാളിലെ പാര്‍ലമെന്റ് പ്രവിശ്യാസഭകളിലേക്ക് നടന്ന തിരെഞ്ഞെടുപ്പ് ഫലം.

കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ (യുണൈറ്റഡ് മാര്‍ക്‌സിസ്റ്റ് ,കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ ( മാവോയിസ്റ്റ് സെന്റര്‍) എന്നീ കക്ഷികള്‍ ചേര്‍ന്നുള്ള സഖ്യമാണ് മുന്നില്‍ രണ്ടു ഭൂരിപക്ഷം നേടി തകര്‍പ്പന്‍ വിജയം നേടിയത്.

ഭരണകക്ഷിയായ നേപ്പാളി കോണ്‍ഗ്രസ് ചരിത്രത്തിലെ ഏറ്റവും ദയനീയമായ പരാജയമാണ് ഏറ്റുവാങ്ങിയത്.

ആകെയുള്ള 165 സീറ്റിലേക്ക് നടന്ന മത്സരത്തിന്റെ ഫലം പൂര്‍ണമായും പുറത്ത് വന്നപ്പോള്‍ 106 സീറ്റിലേക്കാണ് സഖ്യം വിജയിച്ചത്.

സഖ്യത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ യുണെെറ്റഡ് മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ് സഖ്യത്തിന് 74 സീറ്റും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ മാവോയിസ്റ്റ് സഖ്യത്തിന് 32 സീറ്റും ലഭിച്ചു. ഇതോടെ 275 അംഗ പാര്‍ലമെന്റില്‍ വ്യക്തമായ ഭൂരിപക്ഷം ലഭിക്കുകയും ചെയ്തു.

യുഎംഎല്‍ നേതാവും പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായ കെ പി ശര്‍മ ഓലി(28000 വോട്ട്), മുന്‍ പ്രധാനമന്ത്രിയും യുഎംഎല്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന മാധവ്കുമാര്‍ നേപ്പാള്‍, മാവോയിസ്റ്റ് സെന്റര്‍ ചെയര്‍മാന്‍ പ്രചണ്ഡ(10,000 വോട്ട്) എന്നിവരെല്ലാം വന്‍ ഭൂരിപക്ഷം നേടിയിട്ടുണ്ട്.

ആനുപാതിക പ്രാതിനിധ്യത്തിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന 110 സീറ്റിലും കമ്യൂണിസ്റ്റ് പാര്‍ടി സഖ്യത്തിനായിരിക്കും മുന്‍തൂക്കം. ഏഴ് പ്രവിശ്യാസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും കമ്യൂണിസ്റ്റ് സഖ്യം വന്‍ മുന്നേറ്റമാണ് നടത്തിയത്.

ഇടതുസഖ്യകക്ഷി സ്ഥാനാര്‍ത്ഥികളായ കൃഷ്ണകുമാര്‍ റായ്, ജീവന്‍ റാം ഭണ്ഡാരി, കൃഷ്ണഗോപാല്‍ ശ്രേഷ്ഠ എന്നിവര്‍ യഥാക്രമം കാഠ്മണ്ഡു 3, കാഠ്മണ്ഡു 8, കാഠ്മണ്ഡു 9 മണ്ഡലങ്ങളില്‍ നേപ്പാള്‍ കോണ്‍ഗ്രസ്സ്
സ്ഥാനാര്‍ഥികളെ തോല്‍പ്പിച്ചു.

നിലവിലെ വാര്‍ത്താവിനിമയമന്ത്രി ശേഖര്‍ കൊയ്രാളയ്ക്ക് മൊറാങ് 6 മണ്ഡലത്തില്‍ സിപിഎന്‍യുഎംഎല്ലിനോട് കനത്ത പരാജയം ഏറ്റുവാങ്ങേണ്ടിവന്നു.

നവംബര്‍ 26നും ഡിസംബര്‍ ഏഴിനുമായി രണ്ടുഘട്ടത്തിലായിരുന്നു തിരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പാണ് യുഎംഎല്ലും മാവോയിസ്റ്റ് സെന്ററും കൈകോര്‍ത്തത്. തെരഞ്ഞെടുപ്പിനുശേഷം ഒറ്റപാര്‍ടിയാകുമെന്ന് ഇരു കമ്യൂണിസ്റ്റ് പാര്‍ടികളും പ്രഖ്യാപിച്ചിട്ടുണ്ട്.

Top