ജസ്റ്റിസ് കെ.എം ജോസഫിന്റെ പേര് വീണ്ടും ശുപാര്‍ശ ചെയ്ത് സുപ്രീം കോടതി കൊളീജിയം

km-joseph

ന്യൂഡല്‍ഹി: മലയാളിയും ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസുമായ ജസ്റ്റിസ് കെ.എം ജോസഫിന്റെ പേര് സുപ്രീം കോടതി കൊളീജിയം വീണ്ടും ശുപാര്‍ശ ചെയ്തു.

കെ.എം ജോസഫിനു പുറമേ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി, ഒഡീഷ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിനീത് ശരണ്‍ എന്നിവരെയും സുപ്രീം കോടതിയിലേക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്.

മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്രയ്‌ക്കൊപ്പം കെ.എം ജോസഫിന്റെ പേര് ശുപാര്‍ശ ചെയ്തിരുന്നുവെങ്കിലും ഇന്ദു മല്‍ഹോത്രയെ മാത്രം നിയമിക്കുന്ന സാഹചര്യമാണുണ്ടായത്. ഇതിന്റെ അടിസ്ഥാനത്തില്‍ കെ.എം ജോസഫിന്റെ പേര് പ്രത്യേകമായി നിര്‍ദ്ദേശിക്കാനാണ് കൊളീജിയം തീരുമാനിച്ചിട്ടുള്ളത്.

ജസ്റ്റിസ് ജോസഫിന്റെ വിഷയത്തില്‍ കഴിഞ്ഞ ബുധനാഴ്ച കൊളീജിയം യോഗം ചേര്‍ന്നെങ്കിലും തീരുമാനം മാറ്റിവെക്കുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗമാണ് വീണ്ടും ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചത്.

കേരള ഹൈക്കോടതിയില്‍ ജസ്റ്റിസ് ഋഷികേശ് റോയിയെ ചീഫ് ജസ്റ്റിസായി സ്ഥിരപ്പെടുത്താനും പട്‌നയിലെ ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോനെ ഡല്‍ഹിയില്‍ ചീഫ് ജസ്റ്റിസാക്കാനും കല്‍ക്കട്ട ഹൈക്കോടതിയിലെ ജസ്റ്റിസ് അനിരുദ്ധ ബോസിനെ ജാര്‍ഖണ്ഡ് ചീഫ് ജസ്റ്റിസാക്കാനും ശുപാര്‍ശയുണ്ട്.

Top