കോസ്റ്റ് ഗാര്‍ഡ് അക്കാദമി മാറ്റാനുള്ള നീക്കത്തിനെതിരെ നടപടി സ്വീകരിച്ചുവെന്ന്‌ സര്‍ക്കാര്‍

coast guard academy

തിരുവനന്തപുരം: സംസ്ഥാനത്ത് കോസ്റ്റ് ഗാര്‍ഡ് അക്കാദമി നിലനിര്‍ത്താന്‍ ശക്തമായി ഇടപെടല്‍ നടത്തിയിരുന്നുവെന്ന്‌ സംസ്ഥാന സര്‍ക്കാര്‍. 2009-ലാണ് കേരളത്തില്‍ കോസ്റ്റ് ഗാര്‍ഡ് അക്കാദമി സ്ഥാപിക്കാന്‍ തീരുമാനിച്ചത്.

കണ്ണൂര്‍ അഴീക്കലിലെ 164 ഏക്കര്‍ സ്ഥലം അക്കാദമി സ്ഥാപിക്കുന്നതിനായി കൈമാറിയിരുന്നു. 2011 മെയ് 28-ന് അന്നത്തെ കേന്ദ്ര പ്രതിരോധമന്ത്രി തറക്കല്ലിടുകയും ചെയ്തു. ഏകദേശം 65.56 കോടി രൂപയാണ് അക്കാദമിയുടെ നിര്‍മ്മാണത്തിനായി കോസ്റ്റ് ഗാര്‍ഡ് ചിലവഴിച്ചത്.

അതേസമയം കണ്ടല്‍ക്കാട് ഉള്‍പ്പെടുന്ന പ്രദേശമായതിനാല്‍ വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാല്‍ മാത്രമെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയുള്ളു. അനുമതി ലഭിക്കുന്നതിനായി കേരള കോസ്റ്റല്‍ സോണ്‍ മാനേജ്‌മെന്റ് അതോറിറ്റി കോസ്റ്റ് ഗാര്‍ഡിന് അനുകൂലമായി ശുപാര്‍ശ ചെയ്തിരുന്നു.

എന്നാല്‍, ഇതുവരെ അനുകൂലമായ തീരുമാനം ലഭിച്ചിട്ടില്ല. തടസ്സങ്ങള്‍ മൂലം അക്കാദമി കര്‍ണ്ണാടകയിലെ വൈക്കംപാടി എന്ന സ്ഥലത്തേക്ക് മാറ്റുവാന്‍ തീരുമാനിച്ചു. ഈ സാഹചര്യത്തില്‍ അക്കാദമി അഴീക്കലില്‍നിന്ന് മാറ്റുന്നതിനുള്ള നീക്കം ഉപേക്ഷിക്കണമെന്നും ഉടന്‍തന്നെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണമെന്നും ആവശ്യപ്പെട്ട് 2018 ജനുവരി ആറിന് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. നിയമസഭയില്‍ സംസാരിക്കുന്നതിനിടയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

Top