coal scam-cbi filed case against former cbi officer

ഡല്‍ഹി: കല്‍ക്കരിപ്പാടം കുംഭകോണ അന്വേഷണം അട്ടിമറിക്കാന്‍ അധികാരം ദുര്‍വിനിയോഗം ചെയ്തുവെന്ന കേസില്‍ സിബിഐ മുന്‍ മേധാവി രഞ്ജിത് സിന്‍ഹയ്‌ക്കെതിരെ സിബിഐ കേസെടുത്തു. നിലവിലുള്ള സിബിഐ മേധാവിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ (എസ്‌ഐടി) സുപ്രീംകോടതി നിയോഗിച്ചതിനു പിന്നാലെയാണ് രഞ്ജിത് സിന്‍ഹയ്‌ക്കെതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത്.

പ്രശാന്ത് ഭൂഷണിന്റെ നേതൃത്വത്തിലുള്ള കോമണ്‍ കോസ് എന്ന സംഘടനയാണു രഞ്ജിത് സിന്‍ഹയ്ക്കെതിരെ എസ്ഐടിയുടെ അന്വേഷണം ആവശ്യപ്പെട്ടത്. അഴിമതിയില്‍ ആരോപണവിധേയരായ ചിലരുമായി ഔദ്യോഗികവസതിയില്‍ കൂടിക്കാഴ്ച നടത്തിയെന്നായിരുന്നു പ്രധാന ആരോപണം.

കഴിഞ്ഞ മാര്‍ച്ച് നാലിനു കോടതിക്കു നല്‍കിയ റിപ്പോര്‍ട്ടില്‍, അന്വേഷണത്തെ സ്വാധീനിക്കാന്‍ രഞ്ജിത് സിന്‍ഹ ശ്രമിച്ചെന്ന കണ്ടെത്തലാണുണ്ടായിരുന്നത്.

കഴിഞ്ഞ ജുലൈ 12ന് ഇക്കാര്യം അറ്റോര്‍ണി ജനറല്‍ (എജി) മുകുള്‍ റോഹത്ഗി തന്നെ കോടതിയില്‍ സൂചിപ്പിച്ചു. അന്വേഷണ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലല്ലാതെ കല്‍ക്കരിപ്പാടം കേസിലെ ആരോപണ വിധേയരുമായി രഞ്ജിത് സിന്‍ഹ കൂടിക്കണ്ടതു തികച്ചും അനുചിതമാണെന്നു കോടതി 2015 മേയ് 15ന് ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി. അന്നാണ് അന്വേഷണത്തിനു സമിതിയെ നിയോഗിച്ചത്.

ഈ സമിതിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണു പ്രഥമദൃഷ്ട്യാ അധികാര ദുര്‍വിനിയോഗമുണ്ടായെന്നും എസ്ഐടിയുടെ അന്വേഷണം വേണമെന്നും കോടതി നിലപാടെടുത്തത്.

Top