മുഖ്യമന്ത്രി ‘കണ്ണുരുട്ടി’ പേടിച്ച് വിറച്ച മാനേജ്മെന്റുകൾ നഴ്സ്മാരുടെ ശമ്പളം കുത്തനെ കൂട്ടി

തിരുവനന്തപുരം: ആരൊക്കെ എന്തൊക്കെ പറഞ്ഞാലും കേരള മുഖ്യമന്ത്രി പിണറായി ഒരു സംഭവം തന്നെയാണ്.

മാസങ്ങളായി ഇടിവെട്ട് മഴയത്തും പതറാതെ മനസ്സില്‍ എരിയുന്ന കനലുമായി സംസ്ഥാനത്ത് തെരുവിലിറങ്ങിയ നഴ്‌സുമാരോട് ജനപക്ഷത്ത് നില്‍ക്കുന്ന ഒരു ഭരണാധികാരി സ്വീകരിക്കുന്ന ഏറ്റവും അനുഭാവപൂര്‍ണ്ണമായ നിലപാടാണ് പിണറായി വിജയന്‍ സ്വീകരിച്ചത്.

പനിച്ച് വിറക്കുന്ന കേരളത്തിന്റെ ദയനീയ അവസ്ഥ കണ്ട് അനിശ്ചിതകാല സമരം മാറ്റിവയ്ക്കാന്‍ പറഞ്ഞ മുഖ്യമന്ത്രിയുടെ വാക്കുകള്‍ അനുസരിച്ച യുഎന്‍എ എന്ന നഴ്‌സിങ്ങ് സംഘടനക്കുള്ള ഒരു ‘പ്രതിഫലം’ തന്നെയാണ് ഈ ശബള വര്‍ദ്ധനവ്.

ശമ്പള വര്‍ധനവുമായി ബന്ധപ്പെട്ട് നഴ്‌സുമാര്‍ നടത്തിവന്ന സമരം അവസാനിപ്പിക്കുന്നതിന് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ധാരണയായത്. 20,000 രൂപ അടിസ്ഥാന ശമ്പളം നല്‍കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിദ്ദേശം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

നഴ്‌സുമാരുടെ പരാതികളെക്കുറിച്ച് പഠിക്കാന്‍ സെക്രട്ടറിതല സമിതിയെ നിയോഗിച്ചിട്ടുണ്ട്. തൊഴില്‍, ആരോഗ്യ, നിയമ വകുപ്പുകളുടെ സെക്രട്ടറിമാരാണ് സമിതി അംഗങ്ങള്‍. സമിതി ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയുടെ പശ്ചാത്തലത്തില്‍ സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചതായി നഴ്‌സുമാരുടെ സംഘടനയായ യുഎന്‍എ അറിയിച്ചു.

നഴ്‌സുമാരുടെയും ആശുപത്രി മാനേജ്‌മെന്റുകളുടെയും സംഘടനാ പ്രതിനിധികള്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍ന്നത്. സമരം നടത്തിയവരോട് പ്രതികാര നടപടി പാടില്ലെന്ന് മുഖ്യമന്ത്രി മാനേജ്‌മെന്റ് പ്രതിനിധികളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ശമ്പളത്തിന്റെ കാര്യത്തില്‍ നഴ്‌സുമാരും മാനേജ്‌മെന്റും വിട്ടുവീഴ്ച ചെയ്യാതിരുന്നതിനാല്‍ വ്യവസായ ബന്ധസമിതി രാവിലെ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. അടിസ്ഥാന ശമ്പളം 20,000 രൂപയാക്കി ഉയര്‍ത്തണമെന്ന നിലപാടില്‍ നഴ്‌സുമാരും സാധ്യമല്ലെന്ന നിലപാടില്‍ മാനേജ്‌മെന്റും ഉറച്ചുനിന്നതോടെയാണ് ചര്‍ച്ച പരാജയപ്പെട്ടത്. നേരത്തെ തീരുമാനിച്ച 17,200 രൂപ നല്‍കാമെന്നായിരുന്നു മാനേജ്‌മെന്റുകളുടെ നിലപാട്.

nurses

പല ഭരണാധികാരികളും ഉച്ചത്തില്‍ പ്രസംഗിച്ചും അനുഭാവം പ്രസ്താവനയില്‍ ഒതുക്കിയും നഴ്‌സിങ്ങ് സമൂഹത്തിന്റെ പ്രീതി നേടി അധികാരത്തില്‍ വന്ന് മുഖം തിരിക്കുന്നതാണ് മുന്‍ കാലങ്ങളില്‍ കണ്ട കാഴ്ച.

എന്നാല്‍ ഇപ്പോള്‍ ഈ നിലപാടുകള്‍ മാറ്റിമറിച്ചിരിക്കുകയാണ് പിണറായി സര്‍ക്കാര്‍.

ഒത്ത് തീര്‍പ്പിന് വഴങ്ങാതെയിരുന്ന സ്വകാര്യ മാനേജുമെന്റുകള്‍ മുഖ്യമന്ത്രിയുടെ കടുത്ത നിലപാടിനു മുന്നില്‍ മുട്ടുമടക്കുകയായിരുന്നു.

സര്‍ക്കാറിനെ പിണക്കി ആശുപത്രി നടത്തികൊണ്ടു പോകാന്‍ തീരുമാനിച്ചാല്‍ വിവരമറിയുമെന്ന പേടിയാണ് നിലപാട് മാറ്റത്തിന് കാരണമായത്.

കേന്ദ്ര ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം കൂടി മുഖ്യമന്ത്രി എടുത്ത് പറഞ്ഞതോടെ വഴങ്ങുകയല്ലാതെ മറ്റൊരു വഴിയും ആശുപത്രി മാനേജ്‌മെന്റ് പ്രതിനിധികള്‍ക്ക് മുന്നിലില്ലായിരുന്നു.

പ്രധാനമായും യുഎന്‍എ, ഐഎന്‍എ എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിലാണ് നഴ്‌സിങ്ങ് സമരം സംസ്ഥാനത്ത് കത്തി പടര്‍ന്നിരുന്നത്.

വലിയ സംഘടന എന്ന രൂപത്തില്‍ യുഎന്‍എക്ക് തന്നെയായിരുന്നു സമരത്തില്‍ ആധിപത്യം. തങ്ങളുടെ ശക്തികേന്ദ്രങ്ങളില്‍ ഐഎന്‍എ യും കരുത്ത് കാട്ടി.

Top