മഴക്കെടുതിയില്‍ ആവശ്യമായ ധനസഹായം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ കേരളത്തില്‍ നിന്നുള്ള സര്‍വ്വകക്ഷി സംഘത്തിന്റ കൂടിക്കാഴ്ച അവസാനിച്ചു. മഴക്കെടുതിയില്‍ ആവശ്യമായ ധനസഹായം നല്‍കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു

ഭക്ഷ്യധാന്യം കൂടുതല്‍ അനുവദിക്കണമെന്ന് സര്‍വകക്ഷി സംഘം ആവശ്യപ്പെട്ടെങ്കിലും ഭക്ഷ്യസുരക്ഷാ നിയമം അനുസരിച്ച് മാത്രമെ വിഹിതം അനുവദിക്കാനാകൂവെന്ന് മോദി വ്യക്തമാക്കി. ഇക്കാര്യത്തില്‍ മോദിയുടെ നിലപാട് നിരാശാജനകമാണെന്ന് കൂടിക്കാഴ്ചയ്ക്കു ശേഷം പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മഴക്കെടുതി നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ സഹായം നല്‍കും. അതേസമയം, പാലക്കാട് കഞ്ചിക്കോട് കോച്ച് ഫാക്ടറിയുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് മോദിയില്‍ നിന്ന് പ്രത്യേകിച്ച് ഉറപ്പൊന്നും ലഭിച്ചില്ല. കോച്ച് ഫാക്ടറി വിഷയം ഉയര്‍ത്തിയെങ്കിലും മോദി പ്രതികരിച്ചില്ല. സ്ഥലമേറ്റെടുത്തു നല്‍കിയാല്‍ ശബരി റെയില്‍പാത നടപ്പാക്കുമെന്നും മോദി പറഞ്ഞു.

മന്ത്രിമാരായ ജി. സുധാകരന്‍, പി. തിലോത്തമന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം.പിമാരായ പി. കരുണാകരന്‍, ഇ.ടി. മുഹമ്മദ് ബഷീര്‍, എം.പി. വീരേന്ദ്രകുമാര്‍, ജോസ് കെ. മാണി, എന്‍.കെ. പ്രേമചന്ദ്രന്‍, വിവിധ കക്ഷിനേതാക്കളായ എം.എം. ഹസന്‍, കെ. പ്രകാശ് ബാബു, എ.എന്‍. രാധാകൃഷ്ണന്‍, സി.കെ. നാണു, തോമസ് ചാണ്ടി, കോവൂര്‍ കുഞ്ഞുമോന്‍, അനൂപ് ജേക്കബ്, പി.സി.ജോര്‍ജ്, എം.കെ. കണ്ണന്‍, സി. വേണുഗോപാലന്‍ നായര്‍, ചീഫ് സെക്രട്ടറി ടോം ജോസ്, ഭക്ഷ്യവകുപ്പ് സെക്രട്ടറി മിനി ആന്റണി എന്നിവരാണ് മുഖ്യമന്ത്രിയുടെ സംഘത്തിലുണ്ടായിരുന്നത്.

Top