ഗോവയില്‍ ബീഫിന് ക്ഷാമം നേരിട്ടാല്‍ കര്‍ണാടകയില്‍ നിന്ന് കൊണ്ടുവരും

പനാജി: ഗോവയില്‍ ബീഫിന് ക്ഷാമം നേരിട്ടുകയാണെങ്കില്‍ അയല്‍ സംസ്ഥാനമായ കര്‍ണാടകയില്‍ നിന്ന് ബീഫ് കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍.

സംസ്ഥാനത്ത് ബീഫിന്റെ ക്ഷാമം ഉണ്ടാവില്ല. ബെല്‍ഗാമില്‍ (കര്‍ണാടക) നിന്ന് ബീഫ് കൊണ്ടുവരാനും അത് അതിര്‍ത്തിയില്‍ വെറ്റിനറി ഡോക്ടര്‍മാരെ കൊണ്ട് പരിശോധിപ്പിച്ച ശേഷം അകത്തേക്ക് കൊണ്ടുവരാനുമുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട് – മനോഹര്‍ പരീക്കര്‍ ഇന്ന് നിയമസഭയില്‍ പറഞ്ഞു.

അംഗീകൃത അറവുശാലയായ ഗോവ മീറ്റ് കോപ്ലക്സില്‍ ദിവസവും 2000 കിലോ ബീഫ് വിതരണം ചെയ്യുന്നുണ്ടെന്നും ഇതിന് ശേഷം ആവശ്യമായി വരുന്ന ബീഫ് കര്‍ണാടകയില്‍ നിന്ന് ഇറക്കുമതി ചെയ്യുകയാണെന്നും പരീക്കര്‍ പറയുന്നു.

ഗോവ മീറ്റ് കോപ്ലക്സിലേക്ക് അറവുമൃഗങ്ങളെ കൊണ്ടു വരുന്നതിന് ഒരു നിയന്ത്രണവും സര്‍ക്കാര്‍ ഇതുവരെ ഏര്‍പ്പെടുത്തിയിട്ടില്ലെന്നും പരീക്കര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം മുഖ്യമന്ത്രിയുടെ പ്രസ്താവന നല്ലൊരു തമാശയാണെന്നായിരുന്നു കോണ്‍ഗ്രസ് എംപി രാജീവ് ശുക്ലയുടെ പ്രതികണം. ടൂറിസം മുഖ്യവരുമാനമായ ഗോവയിലെത്തുന്ന വിനോദസഞ്ചാരികളെ കൂടാതെ അവിടുത്തെ ജനങ്ങളില്‍ നല്ലൊരു വിഭാഗവും ബീഫ് കഴിക്കുന്നവരാണ്.

Top