claudio ranieri dismissed from the leicester city coach position

ലണ്ടന്‍ :ലെസ്റ്റര്‍ സിറ്റി എന്ന കുഞ്ഞന്‍ ക്ലബ്ബിനെ ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ചാംപ്യന്‍മാരാക്കിയ കോച്ച് ക്ലോഡിയോ റാനിയേരിയെ ഈ സീസണിലെ മോശം പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍ ഒറ്റരാത്രി കൊണ്ടു പുറത്താക്കി.

133 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി ലെസ്റ്ററിനെ ചാംപ്യന്മാരാക്കിയത് ഇറ്റലിക്കാരന്‍ റാനിയേരിയായിരുന്നു. പക്ഷേ, ഈ സീസണില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ അറുപത്തഞ്ചുകാരന്‍ കോച്ചിനു കഴിഞ്ഞില്ല.

പ്രീമിയര്‍ലീഗ് തരംതാഴ്ത്തല്‍ മേഖലയ്ക്ക് ഒരു പോയിന്റ് മാത്രം മുകളിലായ ക്ലബ് 2017 വര്‍ഷത്തില്‍ ഒറ്റഗോള്‍ പോലും നേടിയിട്ടില്ല. എഫ്എ കപ്പില്‍നിന്നു മൂന്നാംനിര ടീം മില്‍വാളിനോടു തോറ്റു പുറത്തായി. യുവേഫ ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ സ്പാനിഷ് ക്ലബ് സെവിയ്യയോട് ആദ്യപാദത്തില്‍ 2-1നു തോല്‍ക്കുക കൂടി ചെയ്തതോടെ, തായ്‌ലന്‍ഡുകാരായ ടീം ഉടമസ്ഥര്‍ കോച്ചിനെ പുറത്താക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ഈ സീസണില്‍ പ്രീമിയര്‍ ലീഗിലെ നിലനില്‍പു തന്നെ ഭീഷണിയിലാണ്. 25 കളിയില്‍ ജയിച്ചത് അഞ്ചെണ്ണം മാത്രം 13 കളി ബാക്കിയിരിക്കേ, പരിശീലകനെ മാറ്റുന്നതിലൂടെ വീണ്ടും പ്രതീക്ഷ കൈവരിക്കാമെന്ന ഉദ്ദേശ്യത്തോടെയാണു റാനിയേരിയെ പുറത്താക്കുന്നതെന്നും ക്ലബ് അറിയിച്ചു. മുന്‍ മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ റോബര്‍ട്ടോ മാന്‍ചീനിയായിരിക്കും പുതിയ ലെസ്റ്റര്‍ കോച്ച് എന്നാണു സൂചന. ലെസ്റ്ററിന്റ തന്നെ മുന്‍ കോച്ച് നിഗേല്‍ പിയേഴ്‌സണും പരിഗണനാപ്പട്ടികയിലുണ്ട്.

Top