റിപ്പബ്ലിക് ദിനത്തില്‍ ഉത്തര്‍പ്രദേശില്‍ സാമുദായിക സംഘര്‍ഷം, ഒരാള്‍ കൊല്ലപ്പെട്ടു

ലക്‌നോ: റിപ്പബ്‌ളിക് ദിനത്തില്‍ ഉത്തര്‍പ്രദേശിലുണ്ടായ സാമുദായിക സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചു. സംഘര്‍ഷത്തില്‍ ഒരാള്‍ക്കു ഗുരുതരമായും മറ്റു 14 പേര്‍ക്കു നിസാരമായും പരിക്കേറ്റിട്ടുണ്ട്.

കാസ്ഗഞ്ച് നഗരത്തില്‍ റിപ്പബ്‌ളിക് ദിനത്തോടനുബന്ധിച്ച് ന്ധതിരംഗ ബൈക്ക് റാലി’ നടത്തിയതുമായി ബന്ധപ്പെട്ട് ഉടലെടുത്ത സംഘര്‍ഷം പിന്നീട് രണ്ടു സമുദായങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിലേക്കും ഒരാളുടെ മരണത്തിലേക്കും നയിക്കുകയായിരുന്നു.

വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകരും എബിവിപി പ്രവര്‍ത്തകരും പങ്കെടുത്ത ഫ്‌ളാഗ് മാര്‍ച്ച് മഥുര-ബറേലി ദേശീയ പാതയിലൂടെ കടന്നുപോകുന്നതിനിടെ ചിലര്‍ കല്ലെറിഞ്ഞതാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയത്. വാക് തര്‍ക്കത്തിനൊടുവില്‍ അക്രമസംഭവങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. ഏറ്റുമുട്ടലിനിടെ മതഗ്രന്ഥങ്ങളും ആരാധനാ കേന്ദ്രവും അഗ്‌നിക്കിരയാക്കാന്‍ ശ്രമിച്ചതാണ് സ്ഥിതി സങ്കീര്‍ണമാക്കിയത്.

അക്രമസംഭവങ്ങള്‍ ഉടലെടുത്തതോടെ പ്രശ്‌നക്കാരെ കസ്റ്റഡിയിലെടുത്ത പോലീസ് പ്രദേശത്ത് നിരോധനാജ്ഞയും പുറപ്പെടുവിച്ചു. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി അധിക പോലീസ് സേനയെയും കാസ്ഗഞ്ചില്‍ വിന്യസിച്ചിട്ടുണ്ട്.

Top