‘കനലൊരു തരിമതി’ എന്ന് ചുമ്മാപറയുന്നതല്ല, കാവിക്കോട്ടയിൽ ഒരു പെൺകൊടി തെളിയിച്ചു

saritha-sfi

തൃശൂര്‍: അതെ . . ‘കനലൊരു തരിമതി’ ഈ വാക്കുകള്‍ ഓര്‍മ്മിപ്പിച്ചിരിക്കുകയാണ് തൃശൂര്‍ കുന്നംകുളം വിവേകാനന്ദ കോളേജിലെ ഒരു എസ്.എഫ്.ഐ പ്രവര്‍ത്തക. തിരുവനന്തപുരം എം.ജി കോളേജ് കഴിഞ്ഞാല്‍ എ.ബി.വി.പിക്ക് ഏറ്റവും ശക്തമായ സ്വാധീനവും ഭരണവുമുള്ള കാമ്പസാണിത്.

കാവിക്കോട്ടയില്‍ വൃക്ഷത്തെ നടാന്‍ തുനിഞ്ഞ എസ്.എഫ്.ഐ പ്രവര്‍ത്തകരെ തടഞ്ഞ എ.ബി.വി.പി പ്രവര്‍ത്തകരോട് ഒറ്റക്ക് നിന്ന് ‘പൊരുതി’ ഒടുവില്‍ തൈ നട്ടു മടങ്ങിയ എസ്.എഫ്.ഐ പ്രവര്‍ത്തക സരിത ഇപ്പോള്‍ ഹീറോ ആയിരിക്കുകയാണ്.

വൃക്ഷത്തൈകളുമായി എത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകരെ തടയുന്ന എബിവിപിക്കാരോടു നിങ്ങള്‍ക്കിത്ര പേടിയാണോ എന്നു സരിത ചോദിക്കുന്നതും വിഡിയോയില്‍ വ്യക്തമാണ്. പ്രകോപിതരായി സരിതയ്ക്കു നേരെ ഒരുകൂട്ടം വിദ്യാര്‍ഥികള്‍ ആക്രോശിക്കുന്നുണ്ട്. തൈവയ്ക്കാന്‍ സമ്മതിക്കില്ലെന്നു പറയുന്നവരോടു തൈനട്ടിട്ടേ പോകൂ എന്നും പെര്‍മിഷന്‍ വാങ്ങിയിട്ടുണ്ട് എന്നും സരിത പറയുന്നുണ്ട്.

Saritha SFI

പെര്‍മിഷനല്ല എന്തു തേങ്ങയായാലും വയ്‌ക്കേണ്ടെന്നു പറഞ്ഞാല്‍ വയ്‌ക്കേണ്ട എന്നും എബിവിപി പ്രവര്‍ത്തകര്‍ പറയുന്നു. എസ്എഫ്‌ഐയുടെ പരിപാടി എബിവിപിയല്ല നിശ്ചയിക്കുന്നതെന്നാണ് സരിത അവര്‍ക്കു നല്‍കുന്ന മറുപടി. ഒടുവില്‍ തൈനട്ട ശേഷമാണ് അവര്‍ മടങ്ങുന്നത്. എന്നാല്‍, ഏതു സാഹചര്യത്തിലാണു വൃക്ഷത്തൈ നടല്‍ തടഞ്ഞതെന്ന എബിവിപിയുടെ പ്രതികരണം ലഭ്യമായിട്ടില്ല. വിഡിയോ ദൃശ്യങ്ങള്‍ ബാബു എം. പാലിശേരി അടക്കമുള്ള ഉന്നത സിപിഎം നേതാക്കള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നുണ്ട്.

സംഭവം വിവാദമായതോടെ ആര്‍.എസ്.എസ് വിദ്യാര്‍ത്ഥി സംഘടനയുടെ ഭീഷണിയെ ചെറുത്ത് തോല്‍പ്പിച്ച സരിതക്ക് ബിഗ് സല്യൂട്ട് നല്‍കുകയാണിപ്പോള്‍ സഖാക്കള്‍.

Top