ബന്ധം മറന്ന് പൊതുവേദിയില്‍ ഉടക്കി അബ്ദുറബും പി.കെ.കുഞ്ഞാലിക്കുട്ടിയും !

മലപ്പുറം: അമ്മാവനും അനന്തിരവനുമെന്ന ബന്ധം പോലും മറന്ന് മുസ്ലിം ലീഗ് നേതാക്കളായ പി.കെ കുഞ്ഞാലിക്കുട്ടി എം.പിയും പി.കെ അബ്ദുറബ്ബ് എം.എല്‍.എയും പൊതുവേദിയില്‍ കൊമ്പുകോര്‍ത്തു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന വാക്കിക്കയം തടയണ ഉദ്ഘാടനവുമായി ബന്ധപ്പെട്ട പഞ്ചായത്ത് പ്രസിഡന്റുമാരുടെയും ജനപ്രതിനിധികളുടെയും യോഗത്തിലാണ് ഇരുനേതാക്കളും പരിസരം മറന്ന് പൊട്ടിത്തെറിച്ചത്. വേങ്ങര, ഒഴൂര്‍, പെരുമണ്ണ ക്ലാരി, തെന്നല പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന കുടിവെള്ള വിതരണ പദ്ധതിക്കാണ് തടയണ.

ഇതിന്റെ തറക്കല്ലിടല്‍ കര്‍മ്മം വേങ്ങരയിലായിരുന്നു. വേങ്ങര, തിരൂരങ്ങാടി നിയോജകമണ്ഡലങ്ങള്‍ക്കുള്ള പദ്ധതിയായതിനാല്‍ ഉദ്ഘാടനം തിരൂരങ്ങാടിയില്‍ നടത്താന്‍ അന്ന് ധാരണയായിരുന്നു.

എന്നാല്‍ തിരൂരങ്ങാടിക്കാര്‍ പദ്ധതിക്കുവേണ്ടി ഒന്നും ചെയ്തില്ലെന്നും ഉദ്ഘാടനം വേങ്ങരയില്‍ നടത്തണമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പി കെ അബ്ദുറബ്ബ് ഈ വാദത്തെ എതിര്‍ത്തു. ഇതോടെ ക്ഷുഭിതനായ കുഞ്ഞാലിക്കുട്ടി അബ്ദുറബ്ബിനോട് പൊട്ടിത്തെറി ച്ചു. തിരുവനന്തപുരത്ത് നടന്ന ദേശീയപാത അലൈന്‍മെന്റ് ചര്‍ച്ചാ യോഗത്തില്‍ തുടങ്ങിയതാണ് തന്നെ എതിര്‍
ക്കലെന്നു പറഞ്ഞാണ് കുഞ്ഞാലിക്കുട്ടി അബ്ദുറബ്ബിനോട് ക്ഷാഭിച്ചത്.

തനിക്ക് ഭൂമി നഷ്ടപ്പെടുന്നില്ലെന്നും തിരൂരങ്ങാടിക്കാരുടെ വികാരമാണ് താന്‍ യോഗത്തില്‍ പറഞ്ഞതെന്നും അബ്ദുറബ്ബും തിരിച്ചടിച്ചു. ദേശീയപാ
തയുടെ അലൈന്‍മെന്റുമായി ബന്ധപ്പെട്ട സമരത്തില്‍ അബ്ദുറബ്ബ് സമരക്കാര്‍ക്കൊപ്പമായിരുന്നു. കുഞ്ഞാലിക്കുട്ടിയാവട്ടെ പഴയ അലൈന്‍മെന്റില്‍ തന്നെ റോഡ് വരണമെന്ന നിലപാടിലും.

യോഗത്തിലുണ്ടായിരുന്ന കെ.എന്‍.എ ഖാദര്‍ എം.എല്‍.എ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.

അമ്മാവനും അനന്തിരവനുമായ കുഞ്ഞാലിക്കുട്ടിയും അബ്ദുറബ്ബും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലം മുതലാണ് അകല്‍ച്ചയിലായത്.
മുന്‍ ഉപമുഖ്യമന്ത്രിയായ അവുക്കാദര്‍കുട്ടി നഹയുടെ മകനായ അബ്ദുറബ്ബിനെ ലീഗ് രാഷ്ട്രീയത്തില്‍ കൈപിടിച്ച് കയറ്റിയത് അമ്മാവനായ കുഞ്ഞാലിക്കുട്ടിയാണ്.

പരപ്പനങ്ങാടി പഞ്ചായത്ത് പ്രസിഡന്റായ അബ്ദുറബ്ബിന് 1996ല്‍ താനൂരില്‍ ലീഗ് സ്ഥാനാര്‍ത്ഥിയാക്കിയത് കുഞ്ഞാലിക്കുട്ടിയുടെ ഇടപെടലായിരുന്നു. ഒരു തവണ താനൂരിലും ഒരു തവണ മഞ്ചേരിയിലും ഒരു തവണ തിരൂരങ്ങാടിയില്‍ നിന്നും എം.എല്‍.എയാക്കി. കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ വിദ്യാഭ്യാസ മന്ത്രിയുമാക്കി.

കഴിഞ്ഞതവണ മന്ത്രിയാക്കിയപ്പോള്‍ ഇനി മത്സരരംഗത്തുനിന്നും മാറിനില്‍ക്കണമെന്ന് കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടിരുന്നു. ഐ.എന്‍.എല്ലില്‍ നിന്നും ലീഗിലെത്തിയ പി.എം.എ സലാമിന് തിരൂരങ്ങാടി സീറ്റ് നല്‍കാമെന്ന് കുഞ്ഞാലിക്കുട്ടി ഉറപ്പും നല്‍കി. എന്നാല്‍ തിരൂരങ്ങാടിയില്‍ നിന്നും മാറാന്‍ അബ്ദുറബ്ബ് തയ്യാറായില്ല. ഇതോടെ പി.എം.എ സലാമിന് മത്സരിക്കാന്‍ സീറ്റും ലഭിച്ചില്ല. അന്നു മുതല്‍ ഇരുവരും ലീഗിലെ വിരുദ്ധ ചേരിയിലാണ്. ലീഗ് സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങളുമായുള്ള അടുപ്പമാണ് അബ്ദുറബ്ബിന്റെ കരുത്ത്.

Top