റിനോ ആന്റോയെ ബ്ലാസ്‌റ്റേഴ്‌സ് തട്ടകത്തിലേക്ക് സ്വാഗതം ചെയ്ത് സി.കെ വിനീത്‌

കോഴിക്കോട്: ഐ.എസ്.എല്‍ ഡ്രാഫ്റ്റില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് തട്ടകത്തിലെത്തിച്ച മലയാളി താരം റിനോ ആന്റോയെ ടീമിലേക്ക് സ്വാഗതം ചെയ്ത് സഹതാരം സി.കെ വിനീത്.

നേരത്തെ ബ്ലാസ്‌റ്റേഴ്‌സ് വിനീതിനെ നിലനിര്‍ത്തിയപ്പോള്‍ റിനോയെ ഡ്രാഫ്റ്റിലേക്ക് വിടുകയായിരുന്നു. ഡ്രാഫ്റ്റില്‍ പ്രതീക്ഷിച്ചതു പോലെത്തന്നെ കേരള ടീം മലയാളി പ്രതിരോധ താരത്തെ സ്വന്തമാക്കി. ഈ സന്തോഷമാണ് ട്വീറ്റിലൂടെ വിനീത് ആരാധകരുമായി പങ്കുവെച്ചത്.

‘എന്റെ ചങ്ക് വീട്ടിലേക്ക് വരുന്നു, ഐ.എസ്.എല്‍ നാലാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പം റിനോയുമുണ്ടാകുന്നത് ഏറെ സന്തോഷം നല്‍കുന്നതാണ്.’ വിനീത് ട്വിറ്ററില്‍ കുറിച്ചു.

63 ലക്ഷം രൂപയ്ക്കാണ് ബ്ലാസ്റ്റേഴ്‌സ് റിനോയെ വിളിച്ചെടുത്തത്. അതോടൊപ്പം ഐലീഗ് ചാമ്പ്യന്‍മാരായ ഐസ്വാള്‍ എഫ്.സിയുടെ യുവതാരം ലാല്‍റുതാരയും ബ്ലാസ്റ്റേഴ്‌സില്‍ കളിക്കും.

25 ലക്ഷം രൂപയ്ക്കാണ് ലാല്‍റുതാരയെ ബ്ലാസ്റ്റേഴ്‌സ് തട്ടകത്തിലെത്തിച്ചത്. നിലവില്‍ ഇന്ത്യന്‍ അണ്ടര്‍ 23 ടീമിന്റെ ക്യാപ്റ്റനായ ലാല്‍റുതാര ഐസ്വാളിന് വേണ്ടി 27 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.

സി.കെ വിനീതിനൊപ്പം ബ്ലാസ്റ്റേഴ്‌സ് നിലനിര്‍ത്തിയ മറ്റൊരു താരം സന്ദേശ് ജിങ്കനാണ്. ഇതോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതിരോധത്തില്‍ ശക്തരായ റിനോയും ജിങ്കനുമാകും അണിനിരക്കുക.

കഴിഞ്ഞ സീസണില്‍ റിനോ ആന്റോയും സി.കെ വിനീതുമെത്തിയതോടെയാണ് ബ്ലാസ്‌റ്റേഴ്‌സ് ഉണര്‍ന്നു കളിക്കാന്‍ തുടങ്ങിയത്. ഐലീഗില്‍ ബെംഗളൂരു എഫ്.സിക്ക് വേണ്ടിയും റിനോയും വിനീതും ഒരുമിച്ചു കളിച്ചിട്ടുണ്ട്.

Top