സിയാസ് ഫേസ്ലിഫ്റ്റുമായി മാരുതി; പ്രീബുക്കിങ് ജൂലൈ മുതല്‍ ആരംഭിക്കും

സിയാസ് ഫേസ്ലിഫ്റ്റിനെ സി സെഗ്മെന്റ് സെഡാന്‍ ശ്രേണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി മാരുതി. സിയാസ് ഫേസ്ലിഫ്റ്റ് ഓഗസ്റ്റ് ആദ്യ ആഴ്ചയില്‍ അവതരിക്കുമെന്ന് റിപ്പോര്‍ട്ട്. 2014 ല്‍ അവതരിച്ച സിയാസില്‍ കാര്യമായ അപ്ഡേഷനുകളൊന്നും ഇതുവരെ നടന്നിട്ടില്ല. ഇതിനു മറുപടിയായിട്ടാണ് സിയാസിന്റെ പുതുക്കിയ പതിപ്പുമായി മാരുതി എത്തുന്നത്. നിലവില്‍ 8 മുതല്‍ 12 ലക്ഷം രൂപ വരെയാണ് സിയാസിന്റെ വില. എന്നാല്‍ പുതുക്കിയ പതിപ്പില്‍ വില വര്‍ധന കൂടാന്‍ സാധ്യതയുണ്ട്.

ജൂലൈയില്‍ പ്രീബുക്കിങും ആരംഭിച്ച് തുടങ്ങുമെന്ന് മാരുതി അറിയിച്ചു. കേവലം കോസ്‌മെറ്റിക് അപ്‌ഡേഷനുകളില്‍ ഒതുക്കാതെ പുതിയ എന്‍ജിന്‍ കരുത്തില്‍ കൂടിയായിരിക്കും സിയാസ് എത്തുക. ഫേസ്ലിഫ്റ്റില്‍ പുതുതായി മാരുതി വികസിപ്പിച്ച K15B 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനായിരിക്കും ഇടംനേടുക. ഈ പെട്രോള്‍ എന്‍ജിന്‍ 103 ബിഎച്ച്പിയും 138 എന്‍എം ടോര്‍ക്കുമാണ് ഉല്പാദിപ്പിക്കുന്നത്.

മികവുറ്റ കരുത്തും ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ പ്രദാനം ചെയ്യുന്നത്. നിലവിലെ 1.4 ലിറ്റര്‍ എന്‍ജിന് പകരക്കാരനായിട്ടാണ് പുതിയ 1.5 ലിറ്റര്‍ എന്‍ജിന്‍ എത്തുന്നത്. നിലവിലുള്ള 1.3 ഡീസല്‍ എന്‍ജിന്‍ മാറ്റമൊന്നുമില്ല. ഈ എന്‍ജിന്‍ 89ബിഎച്ച്പിയും 200എന്‍എം ടോര്‍ക്കുമാണ് സൃഷ്ടിക്കുന്നത്.

ഇത്തവണ ഡിസൈന്‍, ഫീച്ചറുകള്‍ സംബന്ധിച്ച ഒട്ടേറെ മാറ്റങ്ങളോടെയാണ് സിയാസില്‍ വരാന്‍ സാധ്യത. പരിഷ്‌കരിച്ച ബമ്പറും പുത്തന്‍ ഗ്രില്ലുമാണ് ഫ്രണ്ട് എന്‍ഡിലെ മുഖ്യാകര്‍ഷണം. പുതിയ ഡിസൈനിലുള്ള 16 ഇഞ്ച് അലോയ് വീലുകളും സിയാസിന്റെ പുതുമ വര്‍ധിപ്പിക്കുന്നുണ്ട്. പുതിയ സിയാസിന്റെ ഉയര്‍ന്ന പതിപ്പില്‍ സണ്‍റൂഫും ഉണ്ടായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Top