CI-DySP list prepared by the CPM leadership’s recommendation

തിരുവനന്തപുരം: പൊലീസ് സേനയില്‍ സിഐ-ഡിവൈഎസ്പി തസ്തികയിലുള്ള ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റവും ഉടനെയുണ്ടാകും. സി പി എം ജില്ലാ കമ്മിറ്റികള്‍ നല്‍കുന്ന ലിസ്റ്റ് പരിഗണിച്ചാണ് നിയമനമെന്നാണ് സൂചന.

പിണറായി സര്‍ക്കാര്‍ അധികാരമേറ്റ ഉടനെ നടന്ന പൊലീസിലെ അഴിച്ചുപണിയില്‍ ഡിപ്പാര്‍ട്ട്‌മെന്റ് താല്‍പര്യം പരിഗണിച്ചായിരുന്നു സ്ഥലമാറ്റം നടന്നിരുന്നത്. ഇത് പലയിടത്തും സി പി എം നേതാക്കളും പൊലീസും തമ്മിലുള്ള സംഘര്‍ഷത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചതിനാലാണ് ആറ് മാസത്തിന് ശേഷം വീണ്ടും അടിമുടി അഴിച്ചുപണി നടത്തുന്നത്.

മുഖ്യമന്ത്രി പൊലീസിന് നല്‍കിയ സ്വാതന്ത്യം ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ ദുരുപയോഗം ചെയ്‌തെന്നാണ് സി പി എം നേതൃത്വം ചൂണ്ടി കാണിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഇപ്പോള്‍ വ്യാപകമായ അഴിച്ചുപണി പൊലീസില്‍ നടക്കുന്നത്.

എസ്.പിമാര്‍ മുതലുള്ള ഉന്നത ഐപിഎസ് ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസങ്ങളില്‍ സര്‍ക്കാര്‍ മാറ്റിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ഡിവൈഎസ്പി, സിഐ തസ്തികയിലുള്ളവരുടെ ലിസ്റ്റാണ് അണിയറയില്‍ തയ്യാറാകുന്നത്. ഉദ്യോഗകയറ്റം കാത്ത് കിടക്കുന്ന 40 ഓളം സിഐമാര്‍ക്ക് സ്ഥലമാറ്റത്തിനൊപ്പം ഉദ്യോഗകയറ്റം നല്‍കണമെന്ന ആവശ്യവും സര്‍ക്കാറിന്റെ പരിഗണനയിലാണ്.

അച്ചടക്ക നടപടിക്ക് വിധേയരായവരില്‍ ചിലര്‍ ലിസ്റ്റില്‍ കയറി പറ്റിയതാണ് ഇവരുടെ പ്രമോഷന്‍ വൈകാനിടയാക്കിയിരുന്നത്. നിലവില്‍ ക്രമസമാധാന ചുമതലയില്‍ തുടരുന്ന ഉദ്യോഗസ്ഥരില്‍ നല്ലൊരു വിഭാഗം യു ഡി എഫ് ഭരണകാലത്ത് നിയമിക്കപ്പെട്ടവരായതിനാല്‍ ഇവരെ മാറ്റണമെന്ന ആവശ്യം വിവിധ സി പി എം ജില്ലാ കമ്മിറ്റികള്‍ ഉന്നയിച്ചിട്ടുണ്ട്.

പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരം പാര്‍ട്ടിക്ക് സ്വീകാര്യരായവരുടെ ലിസ്റ്റ് ജില്ലാ സെക്രട്ടറിമാരാണ് കൈമാറുന്നത്. ആഭ്യന്തര വകുപ്പില്‍ നിയമനങ്ങളില്‍ പാര്‍ട്ടി താല്‍പര്യം പരിഗണിക്കണമെന്ന് കഴിഞ്ഞ സി പി എം സംസ്ഥാന നേതൃയോഗം മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിരുന്നു.

സംസ്ഥാന ഭരണം സുഗമമായി മുന്നോട്ട് പോകാനും പാര്‍ട്ടിക്കും അതാണ് നല്ലതെന്നാണ് നേതൃയോഗം വിലയിരുത്തിയിരുന്നത്. ഇപ്പോള്‍ നിയമനം നല്‍കിയ ചില ഉദ്യോഗസ്ഥരുടെ കാര്യത്തില്‍ മുഖ്യമന്ത്രിക്ക് അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും ഒരു ആറ് മാസം കൂടി കാത്തിരിക്കാമെന്ന നിലപാടിലാണദ്ദേഹം. പ്രകടനം മോശമാകുന്നവരെ ആറ് മാസത്തിന് ശേഷം ക്രമസമാധാന ചുമതലയില്‍ നിന്നും നീക്കും.

ഇതിനിടെ വിജിലന്‍സിന് ആവശ്യമായ ഉദ്യോഗസ്ഥരെ നല്‍കണമെന്ന പിടിവാശിയില്‍ നില്‍ക്കുന്ന വിജിലന്‍സ് ഡയറക്ടറുടെ ആവശ്യം പരിഗണിച്ച് വിജിലന്‍സിലേക്ക് നിയോഗിക്കേണ്ട ഉദ്യോഗസ്ഥരെ സംബന്ധിച്ച ലിസ്റ്റും മുഖ്യമന്ത്രിയുടെ ഓഫീസ് തയ്യാറാക്കുന്നുണ്ടെന്നാണ് അറിയുന്നത്.

Top