റയല്‍ മഡ്രിഡില്‍ ഇനി റോണോ മാജിക് ഇല്ല; ക്രിസ്റ്റ്യാനോ ഇറ്റാലിയന്‍ ക്ലബ് യുവന്റസിലേക്ക്‌

മഡ്രിഡ്: പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇറ്റാലിയന്‍ ക്ലബ് യുവന്റസ് എഫ്‌സിയുമായി കരാര്‍ ഒപ്പിട്ടു. സ്പാനിഷ് ക്ലബ് റയല്‍ മഡ്രിഡുമായുള്ള 10 വര്‍ഷം നീണ്ട കരാര്‍ അവസാനിപ്പിച്ചാണ് താരം യുവന്റസിലേക്കു ചേക്കേറുന്നത്.

805 കോടിയിലേറെ രൂപയ്ക്കാണ് റൊണാള്‍ഡോ യുവന്റസിലെത്തുന്നതെന്നാണ് വിവരം. നിലവില്‍ ഗ്രീസിലുള്ള റൊണാള്‍ഡോയുമായി കൂടിക്കാഴ്ച നടത്തിയ യുവന്റസ് പ്രസിഡന്റ് ആന്ദ്രെ അഗ്നെല്ലിയാണ് കരാര്‍ ഒപ്പിട്ടത്.

നേരത്തെ, പ്രതിഫലത്തുകയെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നു ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍ മഡ്രിഡില്‍ അസംതൃപ്തനാണെന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ക്ലബ്ബുമായി 2021 വരെ കരാറുണ്ടായിരുന്നെങ്കിലും മെസ്സിയുടെയും നെയ്മറുടെയും തുല്യ പ്രതിഫലം വേണമെന്ന ക്രിസ്റ്റ്യാനോയുടെ ആവശ്യം റയല്‍ തള്ളിയതാണ് ക്രിസ്റ്റ്യാനോയെ ചൊടിപ്പിച്ചത്.

ക്രിസ്റ്റ്യാനോ പോയതോടെ പിഎസ്ജിയില്‍ കളിക്കുന്ന ഫ്രഞ്ച് താരം കിലിയന്‍ എംബപെയെ ടീമിലെത്തിക്കാന്‍ റയല്‍ ശ്രമം തുടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

മാത്രമല്ല, ബ്രസീല്‍ താരം നെയ്മറിനായും ക്ലബ് ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

Top