chintha jarom congrats police-actress assault arrest

തിരുവനന്തപുരം: കേരളീയ സമൂഹം വളരെ ആകാക്ഷയോടെ കാത്തിരുന്ന പൊലീസ് നടപടിയായിരുന്നു യുവനടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടേയും വിജീഷിന്റേയും അറസ്റ്റെന്ന് സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്ത ജറോം.

കോടതി മുറി ‘അഭയ കേന്ദ്രമാക്കാന്‍’ ശ്രമിച്ച ക്രിമിനലുകള്‍ക്കേറ്റ തിരിച്ചടിയാണിത്. നടിയെ ആക്രമിച്ച കേസിലെ പ്രതികള്‍ പിടിയിലായ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അവര്‍.

കൃത്യം നടന്ന് ആറ് ദിവസത്തിനുള്ളില്‍തന്നെ പ്രതിയെ പിടികൂടാന്‍ കഴിഞ്ഞു എന്നത് കേരള പൊലീസിന്റെ വന്‍ വിജയമായാണ് കാണേണ്ടത്. കൊല്ലത്ത് പൊലീസുകാരനെ കൊന്ന കേസിലെ പ്രതി ആട് ആന്റണിയെ സംഭവം നടന്ന് നിരവധി വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പൊലീസിന് പിടികൂടാനായത്.

ജിഷ കൊലക്കേസില്‍ പ്രതിയായ അമിര്‍ ഉള്‍ ഇസ്ലാമിനെ പൊലീസ് പിടികൂടിയത് 46 ദിവസങ്ങള്‍ക്ക് ശേഷമാണ്. ഇത്തരത്തില്‍ മുന്‍ അനുഭവങ്ങള്‍ കേരള ജനതയുടെ മുന്നില്‍ അനേകമാണ്. അത്തരം സാഹചര്യങ്ങള്‍ വിലയിരുത്തുമ്പോള്‍ പ്രതിയെ വിടാതെ പിന്‍തുടര്‍ന്ന് ആറ് ദിവസത്തിനുള്ളില്‍തന്നെ വലയിലാക്കിയത് നേട്ടമാണെന്നും ചിന്ത അഭിപ്രായപ്പെട്ടു.

എറണാകുളം റേഞ്ച് ഐജി പി വിജയന്റെ നിര്‍ദ്ദേശപ്രകാരമാണ് പൊലീസിനെ കോടതിയില്‍ വിന്യസിച്ചിരുന്നത്. എറണാകുളം സെന്‍ട്രല്‍ സിഐ അനന്തലാലിന്റ നേതൃത്വത്തിലായിരുന്നു പ്രതിയെ കോടതി മുറിയില്‍ നിന്നും വലിച്ചിറക്കി അറസ്റ്റ് ചെയ്തിരുന്നത്.

ഏത് ഉന്നത സ്ഥാനങ്ങളില്‍ ഒളിച്ചാലും അവിടെ ചെന്ന് പിടികൂടാനായിരുന്നു ഐജിയുടെ നിര്‍ദ്ദേശം.

Top