chinese soldier in india returned to homeland after 54 years

ബീജിങ്: അമ്പത് വര്‍ഷമായി ഇന്ത്യയില്‍ കുടുങ്ങിയ ചൈനീസ് സൈനികന്‍ സ്വദേശത്തേക്ക്. 1962ലെ ഇന്ത്യ-ചൈന യുദ്ധ സമയത്ത് ഇന്ത്യയിലെത്തിയ ചൈനീസ് സൈനികനായ വാങ് കീയാണ് അമ്പത് വര്‍ഷത്തിന് ശേഷം ജന്മനാട്ടില്‍ തിരിച്ചെത്തിയത്.

വിഷയം അന്താരാഷ്ട്ര മാധ്യമങ്ങളുടെ ശ്രദ്ധയില്‍ പെട്ടപ്പോള്‍ ചൈനീസ് സര്‍ക്കാര്‍ ഉണര്‍ന്നു. ഇന്ത്യ ചൈനയ്‌ക്കൊപ്പം കൈകോര്‍ത്തു. അങ്ങനെ അഞ്ച് പതിറ്റാണ്ടിന് ശേഷം വാങ് ക്വിയെ ജന്മ നാടായ ചൈന സ്വീകരിച്ചു.

ഇന്ത്യയില്‍ വഴി തെറ്റിയെത്തിയപ്പോഴുള്ള ഊര്‍ജ്വസ്വലമായ മുഖമല്ല ഇന്ന് വാന്‍ക്വിക്ക്. 77ാം വയസ്സിലെ ചുളിവുകള്‍ക്കൊപ്പം 54 വര്‍ഷക്കാലത്തെ ഒറ്റപ്പെടല്‍ നല്‍കിയ വേദനയും മുറുക്കവുമുണ്ട് ആ മുഖത്ത്.

1960തലാണ് വാങ് കീ ചൈനീസ് സൈന്യത്തില്‍ ചേര്‍ന്നത്. 1962ലെ യുദ്ധത്തിന്റെ സമയത്ത് ഇന്ത്യയിലെത്തിയ വാങ് ഇന്ത്യന്‍ സൈന്യത്തിന്റെ പിടിയിലാവുകയായിരുന്നു. 1969 വരെ ഇന്ത്യയിലേക്ക് അതിക്രമിച്ച് കയറിയ കുറ്റത്തിന് അദ്ദേഹം ജയിലിലായിരുന്നു. പിന്നീട് ജയിലില്‍ മോചിതനായ അദ്ദേഹം ഇന്ത്യക്കാരിയായ സുശീലയെ വിവാഹം ചെയ്ത് മധ്യപ്രദേശിലെ ബാല്‍ഗട്ട് ജില്ലയിലെ ടിരോഡി ഗ്രാമത്തില്‍ താമസമാക്കി.

എന്നാല്‍ പിന്നീട് വാങ് കീക്ക് ജന്മനാട്ടിലേക്ക് തിരിച്ച് പോവാന്‍ സാധിച്ചില്ല. ഇപ്പോള്‍ ഇരു രാജ്യങ്ങളിലെ സര്‍ക്കാരുകളുടെ ഇടപെടലിന്റെ ഫലമായാണ് അദ്ദേഹത്തിന് സ്വദേശത്തേക്ക് പോകാനുള്ള വഴിയൊരുങ്ങിയത്.വികാര നിര്‍ഭരമായ കൂടിച്ചേരലാണ് ഇതെന്ന് ചൈനയിലെത്തിയതിന് ശേഷം വാങ് കീ പ്രതികരിച്ചു. അദ്ദേഹത്തോടപ്പം മകന്‍ വിഷ്ണു വാങും മരുമകള്‍ നേഹ, പേരമകള്‍ കനാക് വാങ് എന്നിവരും ഉണ്ടായിരുന്നു. എന്നാല്‍ ഭാര്യ സുശീല ഇന്ത്യയില്‍ തങ്ങുകയായിരുന്നു.

സൈനികന്റെ ദുരവസ്ഥ വിവരിച്ച് കൊണ്ട് നിരവധി മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കിയിരുന്നു. 2013 ഫെബ്രുവരിയില്‍ ചൈന വാങിന് പാസ്‌പോര്‍ട്ടും ജീവിതാംശമായി മാസം നിശ്ചിത തുകയും ചൈനീസ് സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ഈയടുത്ത് ബി.ബി.സി നല്‍കിയ വാര്‍ത്തയെ ചൈനീസ് സോഷ്യല്‍ മീഡിയ എറ്റെടുത്തതോടെയാണ് വാങ് കീക്ക് നാട്ടിലെത്താനുള്ള വഴിതെളിഞ്ഞത്.

പിന്നീട് ഇന്ത്യയും ചൈനയും തമ്മില്‍ നടത്തിയ ഉദ്യോഗസ്ഥതല ചര്‍ച്ചക്കൊടുവില്‍ വാങിനും കുടുംബത്തിനും ഫാമിലി വിസ അനുവദിക്കാന്‍ ചൈനീസ് സര്‍ക്കാര്‍ തയ്യാറായി. ഇതോടെയാണ് വാങിന് വീണ്ടും നാട്ടിലെത്താനുള്ള വഴിയൊരുങ്ങിയത്. അതേ സമയം വാങ് കീ ആഗ്രഹിക്കുന്നെങ്കില്‍ ഇന്ത്യയിലേക്ക് തിരിച്ച് വരാനുള്ള റീ എന്‍ട്രി വിസ ഇന്ത്യന്‍ സര്‍ക്കാര്‍ അനുവദിച്ചു.

Top