ഷിയുടെ പുസ്തകം നിര്‍ബന്ധമായും വായിക്കാന്‍ ചൈനീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം

ബെയ്ജിങ്: ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ് ഭരണനിര്‍വഹണത്തെക്കുറിച്ച് തയാറാക്കിയ പുസ്തകം നിര്‍ബന്ധമായും വായിക്കാന്‍ ചൈനീസ് ഉദ്യോഗസ്ഥര്‍ക്ക് ഭരണ കക്ഷിയായ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിര്‍ദ്ദേശം.

ഷി ചിന്‍പിങ്ങിന്റെ പ്രസംഗങ്ങളും തത്വചിന്തകളും നിര്‍ദ്ദേശങ്ങളും ഉള്‍ക്കൊള്ളുന്ന പുസ്തകമാണ് ഷി ചിന്‍പിങ് തയാറാക്കിയ ഷി ചിന്‍പിങ്: ദ് ഗവേണന്‍സ് ഓഫ് ചൈന.

പുസ്തകത്തിന്റെ രണ്ടാം പതിപ്പ് ഈ മാസം ആദ്യമാണ് പുറത്തിറക്കിയത്.

നേരത്തെ, ഷിയുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രം ചൈനയിലെ സ്‌കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കി മാറ്റാന്‍ ചൈന തീരുമാനിച്ചിരുന്നു.

ഇതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രസംഗങ്ങളും രാഷ്ട്രീയ പ്രത്യയശാസ്ത്രവും ഉള്‍ക്കൊള്ളുന്ന പുസ്തകം ഉദ്യോഗസ്ഥര്‍ വായിച്ചിരിക്കണമെന്ന നിര്‍ബന്ധ സ്വഭാവമുള്ള ഉത്തരവ്.

അതേസമയം, ഷിയെ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുത്തിരുന്നു.

ജനറല്‍ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെടുന്നതോടെ, പാര്‍ട്ടി ചട്ടപ്രകാരം അടുത്ത അഞ്ചുവര്‍ഷം കൂടി ഷിക്കു തുടരാം.

Top