ഭൂമിയുടെ ഏത് കോണും തരിപ്പണമാക്കാന്‍ ആണവ ബാലിസ്റ്റിക് മിസൈലുമായി ചൈന

ബെയ്ജിങ്: ആയുധ ശേഖരം ശക്തിപ്പെടുത്തി ചൈനീസ് സേന.

ലോകത്തെവിടെയും ഉന്നം വയ്ക്കാവുന്ന ആണവ ബാലിസ്റ്റിക് മിസൈല്‍ ചൈനീസ് സേനയുടെ ഭാഗമാകുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ഒന്നിലധികം ആണവ പോര്‍മുനകള്‍ വഹിക്കാവുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകള്‍ 2018 ആദ്യ പകുതിയോടെ പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയുടെ ഭാഗമാകും.

ശത്രുസേനകളുടെ പ്രതിരോധ സംവിധാനത്തിലേക്കു നുഴഞ്ഞുകയറാന്‍ ഇത്തരം മിസൈലുകള്‍ സഹായകരമാണെന്നും വിലയിരുത്തപ്പെടുന്നു.

ത്രീ സ്റ്റേജ് സോളിഡ് – ഫ്യുവല്‍ മിസൈലായ ഡോങ്‌ഫെങ് 41ന്റെ ദൂരപരിധി 12,000 കിലോ മീറ്ററാണ്.

വിക്ഷേപണത്തറയില്‍നിന്ന് ലോകത്തിന്റെ ഏതു ഭാഗത്തേക്കും ഇതുപയോഗിച്ച് ആക്രമണം നടത്താമെന്ന് ചൈനയുടെ ആയുധ നിയന്ത്രണ അഡ്വൈസര്‍ ഷു ഗ്വാന്‍ഗ്യു പറഞ്ഞു.

പത്തു ആണവ പോര്‍മുനകള്‍ വഹിക്കാനും ഒന്നൊന്നായി തൊടുക്കാനും ആണവ ബാലിസ്റ്റിക് മിസൈലിന് സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

2016 ഏപ്രിലില്‍ ഇത്തരം മിസൈല്‍ ഉപയോഗിച്ച് ചൈന പരീക്ഷണം നടത്തിയതായി യുഎസ് കണ്ടെത്തിയിരുന്നു.

പരീക്ഷണ, നിരീക്ഷണങ്ങള്‍ക്കു ശേഷം പുറത്തിറക്കുന്ന മിസൈല്‍ ചൈനയുടെ ആയുധശേഷിക്കു ശക്തമായ മുതല്‍ക്കൂട്ടാകുമെന്നാണു കരുതുന്നത്.

യുഎസിനെയും യൂറോപ്പിനെയും ലക്ഷ്യമിട്ടാണ് ചൈനയുടെ മിസൈല്‍ പരീക്ഷണമെന്നാണ് റഷ്യന്‍ വിദഗ്ധരുടെ വിലയിരുത്തല്‍.

Top