അമേരിക്ക – ചൈന വ്യാപാര പോരാട്ടത്തിൽ ഏറ്റവും അധികം നേട്ടം കൊയ്യുക ഇന്ത്യ . . !

ന്യൂഡല്‍ഹി : അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം ഏറ്റവുമധികം ഗുണം ചെയ്യുന്നത് ഇന്ത്യയ്ക്കാണെന്ന് സര്‍ക്കാര്‍ ഇതര ബിസിനസ് സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ സംരംഭകര്‍ക്ക് വിശാലമായ വിപണി ലഭ്യമാക്കുന്നതിനുള്ള അവസരമാണ് നിലവിലെ സാഹചര്യം. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം നികുതി കൂട്ടിയ സാഹചര്യത്തിലാണ് ആഗോള തലത്തില്‍ പുതിയ വാണിജ്യ സമവാക്യങ്ങള്‍ക്കുള്ള ചര്‍ച്ചകള്‍ ചൂടുപിടിച്ചത്.

സിഐഐ റിപ്പോര്‍ട്ട് അനുസരിച്ച്, ഇന്ത്യന്‍ സംരംഭകര്‍ മെഷീനറി, ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍, ഓട്ടോമൊബൈല്‍ ഭാഗങ്ങള്‍, രാസവസ്തുക്കള്‍, റബ്ബര്‍-പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവയുടെ കയറ്റുമതി വര്‍ദ്ധിപ്പിക്കുന്നതു വഴി ഇന്ത്യയ്ക്ക് പെട്ടെന്ന് ആഗോള മാര്‍ക്കറ്റില്‍ മുന്നിലേയ്‌ക്കെത്താം.

പമ്പുകള്‍, സൈനിക ഉപകരണങ്ങള്‍, വൈദ്യുതകാന്തിക ഉപകരണങ്ങള്‍, യാത്രാ വാഹനങ്ങള്‍ തുടങ്ങിയവയാണ് ഇന്ത്യയ്ക്ക് നേട്ടമുണ്ടാക്കാവുന്ന മറ്റ് മേഖലകള്‍. അഞ്ച് കോടി യുഎസ് ഡോളറാണ് ഈ വസ്തുക്കളില്‍ നിന്ന് ഇന്ത്യയ്ക്ക് കഴിഞ്ഞ വര്‍ഷം അധിക വരുമാനം ലഭിച്ചത്.

വിയറ്റ്‌നാം, ഇന്തോനേഷ്യ, തായ്‌ലാന്റ, മലേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ അടുത്തിടെ അമേരിക്കയിലേക്ക് കയറ്റുമതി വര്‍ദ്ധിപ്പിച്ചിരുന്നു.

പുതിയ വാണിജ്യ മേഖലകളായ ഗെയിമിങ്, മൊബൈല്‍ ഫോണ്‍, ചെരുപ്പ്, വസ്ത്രങ്ങള്‍ തുടങ്ങിയവയും നിലവില്‍ വലിയ വളര്‍ച്ച പ്രതീക്ഷിക്കുന്ന മേഖലകളാണ്.

ചൈനയുമായുള്ള സാമ്പത്തിക യുദ്ധത്തിന്റെ നഷ്​ടം ഇന്ത്യയുമായുള്ള വ്യാപാരത്തിലൂടെ നികത്താനുള്ള നീക്കങ്ങളും അണിയറയിൽ ശക്തമാണ്. അമേരിക്ക-ചൈന സാമ്പത്തിക യുദ്ധത്തിൽ ഇന്ത്യ സ്വീകരിക്കാൻ പോകുന്ന നിലപാട് രാജ്യത്തിന്റെ ഭാവിയെ സംബന്ധിച്ച് നിർണായകമെന്ന് ചുരുക്കം

Top