ദോക് ലാം ; സത്യം മനസിലാക്കാതെ തോന്നിയത് പോലെ അഭിപ്രായം പറയരുതെന്ന് ജപ്പാനോട് ചൈന

ബീജിംഗ്: ദോക് ലാ വിഷയത്തില്‍ നിലവിലെ സത്യം മനസിലാക്കാതെ തോന്നിയത് പോലെ ജപ്പാന്‍ അഭിപ്രായം പറയരുതെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഹുവ ചുനിയ്ങ്.

ജാപ്പനീസ് അംബാസിഡര്‍ക്ക് ഇന്ത്യയെ പിന്തുണയ്ക്കാനാണ് താല്‍പര്യമെന്നും ഹുവ ചുനിയ്ങ് പറഞ്ഞു.

ദോക് ലാ മേഖലയില്‍ അതിര്‍ത്തി പ്രശ്‌നമില്ല. ഇരുവിഭാഗവും അതിര്‍ത്തി കൃത്യമായി തീരുമാനിച്ചിട്ടുണ്ട്. ചൈനയല്ല ഇന്ത്യയാണ് തല്‍സ്ഥിതിയില്‍ നിന്നുമാറ്റം വരുത്തി അതിക്രമിച്ചു കടക്കാന്‍ ശ്രമിക്കുന്നതെന്നും ഹുവ വ്യക്തമാക്കി.

സിക്കിം അതിര്‍ത്തിയായ ദോക് ലായില്‍ രണ്ട് മാസമായി തുടരുന്ന സംഘര്‍ഷത്തില്‍ ഇന്ത്യയ്ക്ക് ജപ്പാന്‍ പിന്തുണ അറിയിച്ചിരുന്നു.

നിലവിലെ സ്ഥിതിയില്‍ നിന്ന് ഒരു രാജ്യവും ബലപ്രയോഗത്തിലൂടെ സൈന്യത്തെ നീക്കം ചെയ്യരുതെന്ന് ജപ്പാന്‍ ആവശ്യപ്പെട്ടു.

ചൈനയും ഭൂട്ടാനും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നത് ഇരു രാജ്യങ്ങളും മനസ്സിലാക്കണമെന്നും, ഇവിടെ ഇന്ത്യ കരാറനുസരിച്ചാണ് ഇടപെടല്‍ നടത്തുന്നതെന്നാണ് തങ്ങള്‍ക്കറിവുള്ളതെന്നും ജപ്പാന്‍ അംബാസഡര്‍ കെന്‍ജി ഹിരാമാട്‌സു തുറന്നടിച്ചു.

ഇന്ത്യയ്‌ക്കെതിരായ സൈനിക നീക്കം ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമെന്നും ജപ്പാന്‍ അംബാസഡര്‍ വ്യക്തമാക്കിയിരുന്നു.

ദോക് ലാമിലെ ഇന്ത്യന്‍ ഇടപെടലുകളെ പൂര്‍ണ്ണമായും ന്യായീകരിച്ചായിരുന്നു ജപ്പാന്‍ അംബാസഡറുടെ പ്രതികരണം.

തര്‍ക്കം നിലനില്‍ക്കുന്ന മേഖലകളില്‍ അതിന്റെ കാരണം കണ്ടെത്തി പരിഹരിക്കണമെന്നും, നിലവിലെ നിലപാടുകള്‍ മാറ്റി സമാധാനപരമായി തീരുമാനങ്ങള്‍ എടുക്കണമെന്നുമാണ് ജപ്പാന്റെ അഭിപ്രായം. ഇതാണിപ്പോള്‍ ചൈനയെ ചൊടിപ്പിച്ചിരിക്കുന്നത്.

അമേരിക്കയ്ക്കും ജപ്പാനും പിന്നാലെ കൂടുതല്‍ ലോക രാഷ്ട്രങ്ങള്‍ ഇന്ത്യയെ പിന്തുണച്ച് പരസ്യമായി രംഗത്ത് വരുമെന്ന് ചൈന ഭയപ്പെടുന്നുണ്ട്.

Top