സഹായിക്കാൻ കമ്യൂണിസ്റ്റ് ചൈന റെഡി . . . പക്ഷേ . .കേന്ദ്രത്തിന്റെ നിലപാട് തടസ്സമാകും

china

ന്യൂഡല്‍ഹി: കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നേതൃത്വം നല്‍കുന്ന ഭരണം നടക്കുന്ന കേരളത്തെ സഹായിക്കാന്‍ ചൈന വരുമോ ? രാഷ്ട്രീയ കേന്ദ്രങ്ങള്‍ ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ് ചൈനയുടെ നിലപാട്.

ലോകത്ത് ആദ്യമായി ബാലറ്റ് പേപ്പറിലൂടെ അധികാരത്തില്‍ വന്ന കേരളത്തിലെ ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് ഭരണകൂടം ലോക കമ്യൂണിസ്റ്റുകള്‍ക്ക് ഇപ്പോഴും ഒരു പാഠപുസ്തകമാണ്. അതു കൊണ്ട് തന്നെയാണ് കമ്യൂണിസ്റ്റ് രാഷ്ട്രമായ ചൈനയിലെ മാധ്യമങ്ങളും കേരളത്തിലെ പ്രളയം ഗൗരവമായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രളയം തുടങ്ങിയപ്പോള്‍ തന്നെ ചൈനീസ് മാധ്യമ പ്രവര്‍ത്തകര്‍ കേരളത്തില്‍ എത്തിയിരുന്നു. ഇവിടുത്തെ സംഭവ വികാസങ്ങള്‍ ചൈനീസ് അംബാസിഡറും ബീജിങിനെ അറിയിച്ചിട്ടുണ്ട്.

ആവശ്യമായ സഹായം നല്‍കാന്‍ ചൈന തയ്യാറാണെന്നാണ് പുറത്ത് വരുന്ന വിവരം. എന്നാല്‍, കേന്ദ്രസര്‍ക്കാരിന്റെ പുതിയ നിലപാട് ഈ നീക്കത്തിന് തിരിച്ചടിയായേക്കും. സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റും ചൈനീസ് സെന്‍ട്രല്‍ ടെലിവിഷനും സിസിടിഎനും വിശദമായ റിപ്പോര്‍ട്ടുകള്‍ പ്രളയത്തെക്കുറിച്ച് നല്‍കിയിട്ടുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്ഥാവനകളോട് കൂടിയാണ് റിപ്പോര്‍ട്ടുകള്‍. ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ കാലവര്‍ഷമാണ് ഇതെന്ന് സിസിടിവി പരാമര്‍ശിക്കുന്നു. കൊച്ചി വിമനത്താവളത്തെക്കുറിച്ചും വലിയ പ്രാധാന്യത്തോടെ വിവരങ്ങള്‍ നല്‍കിയിരിക്കുന്നു. ദക്ഷിണേന്ത്യയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം അടച്ചിടേണ്ടി വന്നത് അന്താരാഷ്ട്ര തലത്തില്‍ തന്നെ വലിയ നഷ്ടമുണ്ടാക്കുമെന്നും മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

flood pinarayi

ഏഷ്യയിലെ ആകെയുള്ള ആര്‍ട്ട് ഡാമായ ഇടുക്കി തുറന്ന് വിട്ടതും ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത അതേ പ്രാധാന്യത്തോടെ ചൈനീസ് മാധ്യമങ്ങളും ഒരളവു വരെ കേരളത്തിലെ ദുരിതം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിരവധി ചിത്രങ്ങളും ചൈനീസ് മാധ്യമങ്ങള്‍ പങ്കുവച്ചിട്ടുണ്ട്.

കൃഷി, ഭവന നിര്‍മ്മാണം, പൊതുഗതാഗത സംവിധാനം, തടയണ നിര്‍മ്മാണം എന്നീ മേഖലകളില്‍ കേരളത്തിന് സാങ്കേതിക സഹായം നല്‍കാമെന്ന് ചൈന നേരത്തെ വാഗ്ദാനം നല്‍കിയിരുന്നു. ഇന്ത്യയിലെ ചൈനീസ് അംബാസിഡര്‍ ലുവോ ചാഹു മുഖ്യമന്ത്രി പിണറായി വിജയനുമായി കഴിഞ്ഞ വര്‍ഷം നടത്തിയ കൂടിക്കാഴ്ചയില്‍ ഇത് സംബന്ധിച്ച് ധാരണ ഉണ്ടായിരുന്നു. വിവിധ മേഖലകളില്‍ ചൈനീസ് സാങ്കേതിക വിദ്യ ഉപയോഗിക്കാന്‍ കേരളവും താല്‍പര്യം പ്രകടിപ്പിച്ചിരുന്നു.

എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ അടുത്തയിടെ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ നിര്‍ദ്ദേശ പ്രകാരം ചൈന ഉള്‍പ്പെടെ ഉള്ള
ചില രാജ്യങ്ങളുമായി എന്ത് ഇടപെടല്‍ നടത്താനും കേന്ദ്രത്തിന്റെ അനുമതി വേണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ചൈനക്ക് ഇനി കേരളത്തെ സഹായിക്കാന്‍ കേന്ദ്രത്തിന്റെ അനുമതി അനിവാര്യമാണ്.

china3

അമേരിക്കയുടെ കൂടെ ചേര്‍ന്ന് ചൈനയെ നശിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തുറന്നടിച്ചത് കേന്ദ്രസര്‍ക്കാരിനെ പ്രകോപിപ്പിച്ചിരുന്നു. ഇതാണ്
‘നിയന്ത്രണത്തിന്’ കാരണമെന്നാണ് പറയപ്പെടുന്നത്.

സോവിയറ്റ് യൂണിയന്‍ നിലനിന്നിരുന്ന കാലഘട്ടത്തില്‍ പോലും ചൈനീസ് കമ്യൂണിസ്റ്റു പാര്‍ട്ടി നേതൃത്വവുമായി ഏറെ അടുപ്പം പുലര്‍ത്തി വരുന്ന പാര്‍ട്ടിയാണ് സി.പി.എം.

സി.പി.എമ്മിന്റെ ചൈനീസ് അനുകൂല നിലപാട് മുന്‍പും വിവാദമായിരുന്നു.

അതേസമയം, യുഎഇ, ഇസ്രായേല്‍, ഖത്തര്‍, തുടങ്ങിയ രാജ്യങ്ങളെല്ലാം ഇതിനോടകം സഹായങ്ങളുമായി രംഗത്തെത്തിക്കഴിഞ്ഞു. ഐക്യരാഷ്ട്രസഭയും കേരളത്തിന് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.

Top