ലഡാക്കില്‍ വീണ്ടും ചൈനീസ് കടന്നുകയറ്റം, സൈനികത്താവളങ്ങള്‍ സ്ഥാപിച്ചതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്ക് മേഖലയിലെ ദെംചോക്കില്‍ 300-400 മീറ്ററോളം കയറി ചൈനീസ് സൈന്യം സൈനികത്താവളങ്ങള്‍ സ്ഥാപിച്ചതായി റിപ്പോര്‍ട്ട്. ഇവിടെ റോഡുകളുടെ നവീകരണവും ചൈന നടത്തുന്നുണ്ട്. സൈനിക ആവശ്യങ്ങള്‍ക്കുള്ള സാധനങ്ങള്‍ കൊണ്ട് പോകാനാണിത്. ചൈനയുടെ അതിര്‍ത്തി കടന്നുള്ള നീക്കങ്ങളെ ഇന്ത്യ ശക്തമായി അപലപിച്ചു.

ചെര്‍ലോങ്-നെര്‍ലോങ് നല്ലന്‍ പ്രദേശത്ത് മൂന്ന് സൈനികത്താവളങ്ങള്‍ ചൈനീസ് സൈന്യം അടുത്തിടെ പൊളിച്ച് മാറ്റിയിരുന്നു. ഉന്നത തല ചര്‍ച്ചയെ തുടര്‍ന്നായിരുന്നു തീരുമാനം. ഇനിയും രണ്ട് സൈനികത്താവളങ്ങള്‍ അവിടെയുണ്ട്. അവ പൊളിച്ചു മാറ്റാത്തതില്‍ ഇന്ത്യ വിശദീകരണം തേടിയെങ്കിലും ചൈന മറുപടി നല്‍കിയിട്ടില്ല.

ഇക്കൊല്ലം 170ഓളം തവണ ചൈന അതിര്‍ത്തി ലംഘിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 2017ല്‍ 473 തവണയും 2016ല്‍ 273 തവണയും അതിര്‍ത്തി ലംഘനം നടന്നിട്ടുണ്ട്. 2016 ജൂണില്‍ ഡോക്ലാം മേഖലയിലെ ചൈനീസ് കടന്നുകയറ്റത്തെ ഇന്ത്യന്‍ സേന പരാജയപ്പെടുത്തിയിരുന്നു. ഈ വിഷയത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള തര്‍ക്കം ചര്‍ച്ചകളിലൂടെ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനിടെ ആണ് പുതിയ സംഭവം. നിയന്ത്രണ രേഖയിലെ 23 പ്രശ്‌നപ്രദേശങ്ങളില്‍ ഒന്നാണ് ഡോക്ലാം. ഈ വര്‍ഷം മാത്രം 170 തവണയാണ് ചൈന ഈ പ്രദേശങ്ങളില്‍ കടന്നു കയറാന്‍ ശ്രമിച്ചത്.

73 ദിവസം നീണ്ട് നിന്ന ഡോക്ലാം സംഘര്‍ഷം രണ്ടു രാജ്യങ്ങളും തമ്മില്‍ വലിയ നയതന്ത്ര വിയോജിപ്പുകള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കും കാരണമായിരുന്നു.

Top