china bowled out for paltry 28 lose by 390 runs to saudi arabia

ബാങ്കോക്ക്: ഒളിംബിക്‌സില്‍ മെഡലുകള്‍ വാരിക്കൂട്ടുന്ന ചൈനയ്ക്ക് കഴിഞ്ഞ ദിവസം ക്രിക്കറ്റില്‍ കിട്ടിയത് ‘നാണക്കേടിന്റെ മെഡല്‍’.

ക്രിക്കറ്റില്‍ അത്ര വലിയ ശക്തികളൊന്നുമല്ലാത്ത സൗദിക്കെതിരെ 28 റണ്‍സിന് ചൈന ഓള്‍ഔട്ടായി. 11 ബാറ്റസ്മാന്മാര്‍ കൂടി നേടിയത് ആകെ 15 റണ്‍സാണ്.

തായ്‌ലന്‍ഡില്‍ നടന്ന ലോക ക്രിക്കറ്റ് ലീഗ് പ്രാദേശിക യോഗ്യതാ മത്സരത്തിലാണ് സൗദി അറേബ്യ ചൈനയെ നാണംകെടുത്തിയത്.

ആദ്യം ബാറ്റ് ചെയ്ത സൗദി നേടിയ 418 റണ്‍സ് പിന്തുടര്‍ന്ന ചൈനയുടെ മറുപടി കേവലം 12.4 ഓവറില്‍ 28 റണ്‍സിന് അവസാനിച്ചു.

2004ല്‍ ശ്രീലങ്ക സിംബാവെയെ 35 റണ്‍സിന് പിടിച്ചുകെട്ടിയതാണ് അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിലെ ഏറ്റവും കുറഞ്ഞ സ്‌കോറിന്റെ റെക്കോര്‍ഡ്. അതിനും ഏഴ് റണ്‍സ് പിന്നിലാണ് ചൈനയുടെ സ്‌കോര്‍.

അതേ സമയം 50 ഓവര്‍ ക്രിക്കറ്റ് മത്സരത്തിലെ ഏറ്റവും ചുരുങ്ങിയ സ്‌കോര്‍ 2007 ല്‍ ബര്‍ബേഡാസിന് മുന്നില്‍ വെസ്റ്റന്‍ഡീസ് 19 റണ്‍സിന് പുറത്തായതാണ്.

2023 ലെ ലോകകപ്പിന് യോഗ്യത നേടാനുള്ള ആദ്യ പടിയാണ് തായ്‌ലന്‍ഡില്‍ നടക്കുന്ന ലോക ക്രിക്കറ്റ് ലീഗ്. ടൂര്‍ണ്ണമെന്റില്‍ വടക്കന്‍ മേഖലയില്‍ നിന്നുള്ള രാജ്യങ്ങളില്‍ സൗദി അറേബ്യക്കാണ് മേല്‍ക്കൈ.

ചൈനക്കെതിരായ മത്സരത്തില്‍ മുഹമ്മദ് അഫ്‌സല്‍ 91 പന്തില്‍ സെഞ്ച്വറി നേടി. 13 ഫോറുകളും രണ്ട് സിക്‌സറുകളും ഉള്‍പ്പട്ടതായിരുന്നു അഫ്‌സലിന്റെ ഇന്നിങ്‌സ്. അവസാന ഓവറുകളില്‍ വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ച ക്യാപറ്റന്‍ ഷോയിബ് അലി 41 പന്തില്‍ നിന്ന് 91 റണ്‍സും നേടി.

Top